ന്യൂഡൽഹി: സ്വച്ഛ് ഭാരത് മിഷൻ-അർബൻ പ്രകാരം ഖരമാലിന്യ സംസ്കരണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് പശ്ചിമ ബംഗാൾ . ദിവസേനയുള്ള മാലിന്യത്തിന്റെ എട്ട് ശതമാനം മാത്രമാണ് പശ്ചിമബംഗാൾ സംസ്ക്കരിക്കുന്നത്. നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പുരോഗതി രണ്ട് ശതമാനം കുറഞ്ഞു.എസ്‌ബിഎം-യു ഡാഷ്‌ബോർഡിൽ ലഭ്യമായ ഡാറ്റ പ്രകാരം, നാഗാലാൻഡിലെയും മിസോറാമിലെയും ഖരമാലിന്യ സംസ്കരണം ഇപ്പോഴും മന്ദഗതിയിലാണ് .
നാഗാലാൻഡിന്റെ ദൈനംദിന മാലിന്യത്തിന്റെ ഒരു ശതമാനം മാത്രമേ സംസ്കരിക്കുന്നുള്ളൂ, എന്നാൽ മിസോറാമിൽ ഖരമാലിന്യ സംസ്കരണം തന്നെ നടപ്പാക്കാത്ത സ്ഥിതിയാണ്. പശ്ചിമ ബംഗാളിൽ പ്രതിദിനം 7,875.55 ടൺ ഖരമാലിന്യം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും 588.65 ടിഡിപി മാത്രമേ സംസ്‌കരിക്കുന്നുള്ളൂ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . അരുണാചൽ പ്രദേശ്, ബീഹാർ എന്നിവിടങ്ങളിലും മാലിന്യ സംസ്കരണ നിരക്ക് മോശമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അരുണാചൽ പ്രദേശ് പ്രതിദിനം 177.78 ടൺ ഉത്പാദിപ്പിക്കുകയും അതിന്റെ 22 ശതമാനം മാത്രമേ സംസ്കരിക്കുകയും ചെയ്യുന്നുള്ളൂ എന്നാണ്.






