കഴിഞ്ഞ കുറച്ച് കാലമായി ദിവസവും സ്വർണവില കൂടുന്നത് കണ്ട് ഞെട്ടുകയായിരുന്നു നമ്മൾ. എന്നാൽ ഇപ്പോൾ 3 ദിവസമായി ഞെട്ടുന്നത് പക്ഷേ, വില കുറയുന്നത് കണ്ടാണ്. അതെ, സ റെക്കോർഡ് ഉയരത്തിൽ നിന്ന് എല്ലാ ദിവസവും സ്വർണവില പതിക്കുന്നത് പുതിയ താഴ്ചകളിലേക്ക്. ജനങ്ങൾ പല രീതിയിലാണ് ഇപ്പോഴത്തെ സാഹചര്യത്തെ നോക്കിക്കാണുന്നത്. വലിയൊരു വിഭാഗം സാധാരണക്കാരും ആശ്വസിക്കുമ്പോൾ സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ആധിയൊഴിഞ്ഞ നേരമില്ല.
അപ്പോൾ നമ്മൾ വിചാരിക്കും ആളുകൾ ഈ വിലക്കുറവ് മുതലാക്കാൻ ജ്വല്ലറികൾ തള്ളിക്കയറുകയാണെന്ന്. എന്നാൽ അങ്ങനെയുമല്ല കാര്യങ്ങൾ. കുറഞ്ഞിട്ട് വാങ്ങാൻ കാത്തിരുന്ന ആഭരണ പ്രേമികൾക്കും വലിയ ആവേശമില്ലെന്ന് പറയുകയാണ് വ്യാപാരികൾ. വീണ്ടും ഇടിയുമെന്ന പ്രതീക്ഷയാണ് ആഭരണം വാങ്ങാൻ പദ്ധതിയിട്ടവരെ പിന്നോട്ടടിക്കുന്നതത്രേ. പക്ഷേ ഇനിയും കുറയുമോ എന്ന കാര്യത്തിൽ വ്യക്തത നൽകാൻ വ്യാപാരികൾക്കോ വിദഗ്ധർക്കോ കഴിയുന്നില്ല.
എന്തുകൊണ്ടാണ് പെട്ടെന്ന് സ്വർണവില ഇത്രയധികം ഇടിഞ്ഞതെന്ന് ചിന്തിച്ചിട്ടുണ്ടോ? യുഎസ് ഡോളർ അനുദിനം ശക്തിപ്രാപിക്കുന്നതാണ് ഇടിവിനുള്ള പ്രധാന കാരണം. 19 മാസത്തെ ഉയർന്ന നിലവാരമായ 103.90ൽ ആണ് ഡോളർ സൂചിക. സ്വർണം വിറ്റ് നിക്ഷേപകർ ഡോളർ വാങ്ങിക്കൂട്ടുന്നതിനാൽ രാജ്യാന്തര വിപണിയിൽ സ്വർണ ഡിമാൻഡ് കുറയുന്നതാണ് വിലയിൽ പ്രതിഫലിക്കുന്നത്.
വിലയിടിയാനുള്ള മറ്റു കാരണങ്ങൾ നോക്കാം
ഉയർന്ന ബോണ്ട് ആദായം
യുഎസ് ട്രഷറി ബോണ്ടുകളുടെ പലിശ നിരക്ക് 5 ശതമാനത്തിൽ കൂടുതൽ നിലനിൽക്കുന്നത് സ്വർണവിപണിയിൽ കടുത്ത സമ്മർദമാണ് സൃഷ്ടിക്കുന്നത്. കൂടുതൽ പലിശ വരുമാനം ഉറപ്പാക്കുന്ന ബോണ്ടുകൾ ഉൾപ്പെടെയുള്ള നിക്ഷേപ മാർഗങ്ങളിലേക്ക് നിക്ഷേപകർ വലിയതോതിൽ മാറുന്നതാണ് ഇതിനു കാരണം.
പണപ്പെരുപ്പ സമ്മർദം
ആഗോള വ്യാപാരയുദ്ധങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും മൂലമുണ്ടായ ചരക്കുവില വർധന അമേരിക്കയിൽ പണപ്പെരുപ്പം ഉയരാൻ കാരണമാകുന്നുണ്ട്. പണപ്പെരുപ്പം ഇത്തരത്തിൽ ഉയരുന്നത് കേന്ദ്ര ബാങ്ക് വീണ്ടും പലിശ നിരക്കുകൾ കൂട്ടാൻ പ്രേരിപ്പിക്കുമെന്ന ആശങ്ക വിപണിയിലുണ്ട്.
കേന്ദ്രബാങ്ക് നയങ്ങൾ
യുഎസ് ഫെഡറൽ റിസർവ് സ്വീകരിക്കുന്ന കർശന പലിശ നയങ്ങളും സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. പലിശ നിരക്ക് ഉയരുന്നത് അമേരിക്കൻ ഡോളറിനെ കൂടുതൽ കരുത്തുറ്റതാക്കുമെന്നതിനാൽ, നിക്ഷേപകർ സ്വർണത്തിൽ നിന്നുള്ള നിക്ഷേപങ്ങൾ കുറയ്ക്കുകയാണ്.
എഐ ഓഹരികളിലെ ഇടിവ്
തയ്‌വാൻ, ദക്ഷിണകൊറിയ, യുഎസ് എന്നിവിടങ്ങളിലെ നിർമിതബുദ്ധി (എഐ) ഓഹരികളിൽ വലിയ തകർച്ചയാണ് നേരിടുന്നത്. ഓഹരി വിപണിയിലെ ഈ നഷ്ടം നികത്തുന്നതിനും കയ്യിൽ പണം (ലിക്വിഡിറ്റി) കരുതുന്നതിനുമായി നിക്ഷേപകർ സ്വർണ ഇടിഎഫുകളിൽ നിന്നും മറ്റും നിക്ഷേപം പിൻവലിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വർണം, വെള്ളി ഇടിഎഫുകളിൽ ഏകദേശം 7 ശതമാനത്തോളം ഇടിവുണ്ടായി.
ലാഭമെടുപ്പ്
കഴിഞ്ഞ വർഷം 60 ശതമാനത്തിലധികവും അതിനു മുൻപത്തെ വർഷം ഏകദേശം 40 ശതമാനവും സ്വർണവില കുതിച്ചുയർന്നിരുന്നു. വെള്ളിയുടെ വിലയാകട്ടെ കഴിഞ്ഞ വർഷം മാത്രം ഇരട്ടിയിലേറെയായി വർധിച്ചു. ഈ വൻ കുതിപ്പിനു പിന്നാലെ വലിയ നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുക്കുന്നതും വിലയിടിവിന് ആക്കം കൂട്ടുന്നു.
നിക്ഷേപകർ സ്വീകരിക്കേണ്ട സമീപനം
സ്വർണവില തുടർച്ചയായി കുത്തനെ ഇടിയുന്നത് നിക്ഷേപകർക്ക് ഒരു അവസരമായി കാണാവുന്നതാണ്. എങ്കിലും ആഭരണമായാണോ നിക്ഷേപമായാണോ വാങ്ങുന്നതെങ്കിലും, ഒറ്റയടിക്ക് വലിയ തുക മുടക്കാതെ ചെറിയ അളവിൽ മാത്രം വാങ്ങാനാണ് വിപണി വിദഗ്ധർ നിർദേശിക്കുന്നത്. വിപണിയുടെ നിലവിലെ ചാഞ്ചാട്ടങ്ങൾ മനസ്സിലാക്കി ഘട്ടംഘട്ടമായി വാങ്ങുന്നതാണ് ഉചിതം. വില കുറഞ്ഞിട്ടും ജ്വല്ലറി വിപണിയിലും സമ്മിശ്ര പ്രതികരണങ്ങളാണ് ദൃശ്യമാകുന്നത്.
അതേസമയം വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ ബൾക്ക് ആയിട്ടുള്ള ഗോൾഡ് പർച്ചേസുകൾ വില കൂട്ടുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. തുടര്‍ച്ചയായ 24ാം മാസവും ചൈനീസ് സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണ വാങ്ങി. വില കുറയുമ്പോഴും കേന്ദ്രബാങ്കുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വാങ്ങല്‍ താല്‍പര്യമാണ് നിർണായകമാകുക. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം 2026 ഒക്‌ടോബറില്‍ പീപ്പള്‍സ് ബാങ്ക് ഓഫ് ചൈന 26 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. 2023 ഒക്‌ടോബറിന് ശേഷം ഒരു മാസം തന്നെ ചൈന ഇത്രത്തോളം സ്വര്‍ണം വാങ്ങുന്നത് ഇതാദ്യമായാണ്. ചൈനയുടെ കരുതല്‍ സ്വര്‍ണശേഖരം ഇതോടെ 2,435 ടണ്ണായി ഉയര്‍ന്നു. ചൈനയുടേത് മാത്രമല്ല മറ്റ് കേന്ദ്രബാങ്കുകളും സ്വര്‍ണം വാങ്ങുന്നത് തുടരുകയാണ്. 2026 വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ കേന്ദ്രബാങ്കുകള്‍ ചേര്‍ന്ന് 321.2 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. 2024ലെ നാലാംപാദത്തിന് ശേഷം ഇതാദ്യമായാണ് കേന്ദ്രബാങ്കുകള്‍ ഇത്രയും സ്വര്‍ണം വാങ്ങുന്നത്.


