വേടൻ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഓഫീസിലേക്ക് വരും…. ഈ വാർത്ത ഓഫീസിലാകെ പ്രചരിച്ചു. ചിലർ പാതിവിശ്വാസത്തിൽ ഇരുന്നു. മറ്റുചിലരാകട്ടെ വേടൻ വരുന്നതിന്റെ ഒരുക്കങ്ങളിലുമായിരുന്നു. സ്വയം വിശ്വസിക്കാൻ പ്രയാസപ്പെട്ട് വരുമോ എന്ന സംശയത്തോടെ ഞങ്ങളങ്ങനെ ഇരുന്നു. അന്നേ ദിവസം ഓഫീസിൽ എത്തിയപ്പോഴാണ് വേടൻ വരുന്ന കാര്യം അറിയുന്നത്.
ഒന്നു രണ്ടുപേർ ഉറപ്പിക്കാതെ കാര്യം അറിഞ്ഞിരുന്നു. അതുകൊണ്ട് വന്നാലോ എന്ന് വിചാരിച്ച് അവർ മനോഹരമായ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. എന്നാൽ അത് വൈകിയറിഞ്ഞ ഞങ്ങൾ കളർഫുൾ വസ്ത്രങ്ങളണിഞ്ഞു. രാവിലെ 10 മണിയോട് അടുപ്പിച്ചാണ് വേടൻ വന്നേക്കുമെന്ന വിവരം ലഭിക്കുന്നത്. അതും വിശ്വസനീയമാകാത്ത തരത്തിൽ. എന്നാൽ ഒരു 12 മണി ആയപ്പോൾ ചിത്രം ആകെ മാറി. കുറേക്കൂടെ വ്യക്തമായി വരുമെന്ന് പലരും ഉറപ്പിക്കുന്ന അവസ്ഥയിലേക്കെത്തി. പിന്നെ വേടന് വേണ്ടിയുള്ള കാത്തിരിപ്പായി.

വേദികളിൽ ജാതി വിവേചനം, വർഗ പോരാട്ടങ്ങൾ, സാമൂഹിക അനീതി എന്നിവയെക്കുറിച്ചുള്ള സാമൂഹിക ബോധമുള്ള വരികളിലൂടെ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി സംസാരിക്കുന്ന വേടനെ തൊട്ടടുത്ത് കാണണം എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്. തെറ്റ് ചെയ്തെന്ന് സ്വയം ഏറ്റുപറഞ്ഞ് അത് തിരുത്താൻ തയ്യാറായ ഒരുവനെ കല്ലെറിയുന്നതിന് പകരം കൈ പിടിക്കാൻ തീരുമാനിച്ചപ്പോൾ ആരാധകർ കൂടി. എന്നാൽ തെറ്റ് ചെയ്തയാളെ തിരുത്തിയാലും അംഗീകരിക്കാൻ കഴിയാത്തവരുമുണ്ട്. അതൊക്കെ വ്യത്യസ്തമായ കാഴ്ചപാടുകൾ. എന്തായാലും ഞങ്ങളെല്ലാം വേടനെ അടുത്തുകാണാൻ പോകുന്ന സന്തോഷത്തിലാണ്. അങ്ങനെ വേദികൾ തോറും നിറഞ്ഞുനിൽക്കുന്ന, വേടനെ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾക്കിടയിൽ ആ അവസരം ഞങ്ങൾക്ക് തൊട്ടുമുന്നിൽ എത്തിയിരിക്കുന്നു.
ഓഫീസിലാകെ വേടന്റെ പാട്ടും ആരവങ്ങളും മാത്രമായിരുന്നു പിന്നീടങ്ങോട്ട്. അങ്ങനെ 2.45 ആകാറായപ്പോൾ പുറത്തുനിന്നും രണ്ടുമൂന്നു പേർ ഓഫീസിലേക്ക് എത്തി. അവരും വേടനെ കാണാൻ എത്തിയതാണെന്നു മനസ്സിലായി. അതോടെ എല്ലാവരും ഉറപ്പിച്ചു വേടൻ എത്തും. വാതിൽ തുറന്ന് അകത്തേക്ക് വരുന്ന വേടനെ നോക്കി ഇരിക്കുന്നതിനിടയിൽ പണികൾ ചെയ്തു ചെയ്തില്ല എന്ന് വരുത്തി തീർക്കുകയാണ് എല്ലാവരും. ഓരോ തവണ വാതിൽ തുറക്കുമ്പോഴും എല്ലാവരും ആകാംഷയോടെ നോക്കി.

എന്നാൽ തീരെ പ്രതീക്ഷിക്കാത്ത സമയത്ത് വാതിൽ തുറന്ന് വേടൻ കയറി വന്നു. വേടന്റെ വരവ് വീഡിയോയിൽ ഒപ്പിയെടുക്കാൻ ജാഗരൂകതയോടെ ഇരുന്നതുകൊണ്ട് അത് പകർത്താൻ കഴിഞ്ഞു. ഒരുപാട് കാലമായി അകലെ നിന്നു കാണുന്ന വേടനെ തൊട്ടടുത്ത്, കയ്യെത്തും ദൂരത്ത് കണ്ടപ്പോൾ എല്ലാവർക്കും കൗതുകവും സന്തോഷവുമൊക്കെയായി. എല്ലാവരും ജോലിയൊക്കെ മറന്ന് അകത്തെ മുറിയിലിരിക്കുന്ന വേടനിലേക്കായി ശ്രദ്ധ. പുറത്തിറങ്ങുമ്പോൾ ഫോട്ടോ എടുക്കണം, റീൽ എടുക്കണം എന്നൊക്കെ പ്ലാൻ ചെയ്ത് നിൽക്കുകയാണ് പുറത്ത് എല്ലാവരും.
അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ പുറത്തേക്ക് ഇറങ്ങിവന്നു. ഫോട്ടോയും വീഡിയോയും എടുക്കാനായി എല്ലാവരും ചുറ്റും കൂടി. ഓഫീസിനുള്ളിൽ ഞങ്ങൾക്ക് മാത്രമായി, ഞങ്ങളെ മാത്രമായി വേടൻ കാണുകയാണ്. സംസാരിക്കുകയാണ്. വളരെ സൗമ്യഭാവത്തോടെ വിനയത്തോടെ അതിലേറെ സന്തോഷത്തോടെ സംസാരിക്കുകയും ഓരോരുത്തരുടെയും കൂടെ നിന്ന് ചിത്രങ്ങൾ എടുക്കുകയും ചെയ്തു. എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതൻ ആവുക എന്ന വാക്കുകൾ യോജിക്കുന്ന തരത്തിലുള്ള പെരുമാറ്റം. ഓഫീസിൽ ആദ്യമായി എത്തിയ വേടനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. അൽപ്പസമയം ഞങ്ങളോടൊപ്പം ചെലവഴിച്ചതിനുശേഷം എല്ലാവർക്കും നന്ദി പറഞ്ഞ് വീണ്ടും വരുമെന്ന ഉറപ്പോടെ റാപ്പ് സംഗീത്തിന്റെ രാജകുമാരൻ നടന്നകന്നു.
Content: When I Saw Vedan




