കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ മുസ്‌ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിസഭയിലേക്ക് എത്തും എന്നതിനെക്കുറിച്ചുള്ള അണിയറ ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാവുകയാണ്. ഇത്തവണയും അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് പാർട്ടി പ്രധാനമായും പ്രതീക്ഷിക്കുന്നത്. പട്ടികയിൽ ഏറ്റവും മുൻനിരയിലുള്ള പേര് പി.കെ. കുഞ്ഞാലിക്കുട്ടിയുടേതാണ്. അദ്ദേഹം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുമെന്നുറപ്പുള്ളതോടൊപ്പം തന്നെ, ഇത്തവണ ഉപമുഖ്യമന്ത്രി പദത്തിലേക്കും കുഞ്ഞാലിക്കുട്ടി പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായ മൂന്നാം വിജയത്തിന്റെ കരുത്തിൽ പി.കെ. ബഷീർ മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. എം.കെ. മുനീറിന്റെ അഭാവം നികത്താൻ കെ.എം. ഷാജി രണ്ടാമനായി എത്താനാണ് സാധ്യത കൂടുതൽ. പാലക്കാട് ജില്ലയിൽ നിന്ന് മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ ഷംസുദ്ദീനും സാധ്യത കൽപ്പിക്കപ്പെടുന്നു. കോഴിക്കോട് ജില്ലയ്ക്ക് പ്രാതിനിധ്യം നൽകുമ്പോൾ പാറക്കൽ അബ്ദുല്ല, എം.എ. റസാഖ് മാസ്റ്റർ എന്നിവരിൽ ഒരാൾ പട്ടികയിൽ ഇടംപിടിച്ചേക്കും. വടക്കൻ കേരളത്തിന്, പ്രത്യേകിച്ച് കാസർകോടിന് പ്രാധാന്യം നൽകുകയാണെങ്കിൽ മഞ്ചേശ്വരത്ത് നിന്ന് എ.കെ.എം. അഷ്റഫിനെയും പരിഗണിച്ചേക്കാം.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ മുസ്‌ലിം ലീഗ് ഇപ്പോൾ പക്വമായ നിലപാടാണ് സ്വീകരിക്കുന്നത്. വി.ഡി. സതീശന് നേരത്തെ നൽകിയ പരസ്യപിന്തുണയിൽ നിന്ന് ലീഗ് അല്പം പിന്നോട്ട് പോയതായാണ് സൂചനകൾ. മുഖ്യമന്ത്രി ആരാകണമെന്ന് തങ്ങൾ നിലവിൽ പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സീറ്റുകളുടെ എണ്ണം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ യുഡിഎഫിനുള്ളിലെ അധികാര വിഭജന ചർച്ചകൾ കൂടുതൽ ഊർജ്ജിതമാകാനാണ് സാധ്യത.




