എന്തിനു വേണ്ടിയായിരിക്കും കട്ടപ്പ ബാഹുബലിയെ കൊന്നത്? എല്ലാവര്ക്കും ഉണ്ടായിരിക്കും അല്ലെ ഇതേ ചോദ്യം. ഈ ചോദ്യം ചോദിക്കാൻ ഇനി ആരും ഉണ്ടാകില്ല. ഒടുവിൽ ആ ചോദ്യവുമായി ഒരാൾ കൂടെ രംഗത്തെത്തിയിരിക്കുകയാണ്. വേറെ ആരുമല്ല ബാഹുബലിക്കൊപ്പം കട്ടക്ക് നിന്ന വില്ലൻ റാണ. എട്ടു വർഷങ്ങൾക്കുശേഷ൦ പൽവാൾ ദേവനും കട്ടപ്പയും കണ്ടുമുട്ടിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ഷോയായ ‘റാണ നായിഡു സീസൺ രണ്ടിന്റെ’ പ്രമോഷനുവേണ്ടിയാണ് സത്യരാജ്,റാണ എന്നിവർ ഒന്നിച്ചത്. തന്റെ ഇതിഹാസ കഥാപാത്രമായ കട്ടപ്പയായി സത്യരാജ് 8 വർഷത്തിന് ശേഷമാണ് വേഷമണിഞ്ഞത്. റാണ ദഗുപതിയാണ് ഈ വെബ് സീരിസിൽ നായക വേഷത്തിലെത്തുന്നത്.
റാണ നായിഡുവും കട്ടപ്പയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് പ്രമൊ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാഹുബലി 2 പുറത്തിറങ്ങി എട്ടു വർഷങ്ങൾക്കുശേഷം സത്യരാജിനെ കട്ടപ്പയുടെ വേഷത്തിൽ കാണാനായതിന്റെ സന്തോഷം ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.
‘ഭല്ലാലദേവനും കട്ടപ്പയും മറ്റൊരു യൂണിവേഴ്സിൽ കണ്ടുമുട്ടിയപ്പോൾ, ഇവർ ഒന്നിച്ചൊരു സിനിമ വരണം, ബാഹുബലി 3ാം ഭാഗത്തിനായി കാത്തിരിക്കുന്നു’. എന്നിങ്ങനെയാണ് വിഡിയോയ്ക്കു ലഭിക്കുന്ന കമന്റുകൾ.
കരൺ അൻഷുമാൻ സംവിധാനം ചെയ്യുന്ന ത്രില്ലർ വെബ് സീരിസ് ആണ് ‘റാണ നായിഡു’. കഴിഞ്ഞ ആഴ്ചയാണ് സീരിസിന്റെ രണ്ടാം സീസൺ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്.



