ന്യൂ ഡല്‍ഹി: എന്തുകൊണ്ട് ജാതി സര്‍വേ നടത്തുന്നില്ല എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് മറുപടിയുമായി കേരളം.’മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ്’ ചെയര്‍മാനായ വി കെ ബീരാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം.
ജാതി സര്‍വേ നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന മറുപടിയാണ് കേരളം നല്‍കിയത്. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്.
കേരളത്തില്‍ പിന്നാക്ക സംവരണം ലഭിക്കുന്നത് അര്‍ഹതപ്പെട്ടവര്‍ക്കാണോ എന്നറിയാനായി, സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ജാതി സര്‍വേ കേരളം എന്തുകൊണ്ട് നടത്തുന്നില്ല എന്നതായിരുന്നു സുപ്രീം കോടതി ചോദിച്ചത്. വിഷയത്തില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടെങ്കിലും, കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.




