റിയാദ്: ഇറാനെതിരായ നടപടികളിൽ നിന്ന് അഞ്ച് ദിവസത്തേക്ക് പിൻവാങ്ങുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനിടയിലും സൗദി അറേബ്യയ്‌ക്കെതിരെ ഇറാൻ വ്യാപക ഡ്രോൺ ആക്രമണം നടത്തി. സംഘർഷം ശമിക്കുമെന്ന പ്രതീക്ഷ ഉയർന്നിരുന്നെങ്കിലും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആക്രമണങ്ങൾ ശക്തമായത്.
ചൊവ്വാഴ്ച പുലർച്ചെയും രാവിലെയുമായി സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് എത്തിയ 39 ഡ്രോണുകൾ സൗദി പ്രതിരോധ സേന തകർത്തു. വ്യോമ പ്രതിരോധ വിഭാഗവും എയർഫോഴ്സും ചേർന്നുള്ള പ്രവർത്തനത്തിലൂടെയാണ് ആക്രമണം ചെറുത്തത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ തിങ്കളാഴ്ച വൈകുന്നേരവും രാത്രിയുമായി എത്തിയ അഞ്ച് ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടിരുന്നു. അതിനു മുൻപ് തിങ്കളാഴ്ച രാവിലെ വടക്കുകിഴക്കൻ മേഖലകളിലേക്ക് എത്തിയ 12 ഡ്രോണുകളും നശിപ്പിച്ചിരുന്നു.
രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിൽ തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇതുവരെ ഏകദേശം 724 ഡ്രോണുകളും 50 ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളും സൗദി സേന തടഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. റിയാദും കിഴക്കൻ പ്രവിശ്യകളും പ്രധാന ലക്ഷ്യങ്ങളായിരുന്നുവെന്നും ഏത് സാഹചര്യത്തെയും നേരിടാൻ വ്യോമസേന സജ്ജമാണെന്നും അധികൃതർ അറിയിച്ചു.






