പത്തനംതിട്ട: കോന്നി കുമരംപേരൂരില്‍ കാട്ടാന ആക്രമണം, 8 വനം വകുപ്പ് ജീവനക്കാര്‍ക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം നാട്ടില്‍ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളില്‍ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
കോന്നിയിലെ ജനവാസ മേഖലകളില്‍ നിരന്തരമായി ഇറങ്ങി കാട്ടാനകള്‍ വലിയ തോതില്‍ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് വനം വകുപ്പ് തുരത്താന്‍ ദൗത്യം ആരംഭിക്കുന്നതും. ആനയുടെ സഞ്ചാരപാത ഉള്‍പ്പടെ കണ്ടെത്തിക്കൊണ്ടായിരുന്നു ദൗത്യം. ഉദ്യോഗസ്ഥരുടെ പരുക്ക് അത്ര സാരമില്ല. ഇനി വരും ദിവസങ്ങളില്‍ കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.






