കോട്ടയം: ശബരിമല തീർത്ഥാടന കാലം വീണ്ടും ആരംഭിച്ചതോടെ പാലാ-പൊൻകുന്നം റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി റീടാർ ചെയ്തെങ്കിലും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് വൻ അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് ആശങ്ക.
ടാറിങ്ങിന് ശേഷം റോഡിലെ ദിശാസൂചന വരകളും സീബ്രാ ക്രോസിംഗുകളും അടയാളപ്പെടുത്തിയിട്ടില്ല. റോഡ് ഉയർന്നപ്പോൾ ഇരുവശങ്ങളിലുമുണ്ടായ കുഴികൾ മണ്ണിട്ട് ലെവൽ ചെയ്യാത്തതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് കൂടാതെ, നിരവധി അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് അപകടങ്ങൾ കുറയ്ക്കുന്നതിനായി വിളക്കും മരുതിങ്കൽ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന റബ്ബർ സ്പീഡ് സ്ട്രിപ്പുകൾ പുതിയ ടാറിങ്ങിനടിയിലായതും വേഗത നിയന്ത്രിക്കുന്നതിന് തടസ്സമായി.
സീബ്രാ ക്രോസിംഗുകൾ ഇല്ലാത്തതിനാൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശബരിമല തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന ഈ സാഹചര്യത്തിൽ അമിത വേഗത നിയന്ത്രിക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും, സീബ്രാ ക്രോസിംഗുകളും വഴിയിലെ മറ്റ് അടയാളങ്ങളും എത്രയും വേഗം രേഖപ്പെടുത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പൂവരണി യൂണിറ്റ് പ്രസിഡണ്ട് ഷൈജു വാതല്ലൂർ ആവശ്യപ്പെട്ടു.




