തൃശ്ശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപത്തെ ജിംനേഷ്യത്തിൽ ജോലി ചെയ്തുവരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയാണ് പിടിയിലായത്.
പ്രതിയിൽ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് വിൽപന വഴി സമ്പാദിച്ചതായി കരുതുന്ന 90,500 രൂപ, കൂടാതെ ചെറുകിട വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന 50 ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ എന്നിവയും പിടിച്ചെടുത്തു.
കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്. തീരദേശ മേഖലകളിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.
സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്. പരിശോധനകൾ ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയാണ് പ്രതി ഇടപാടുകൾ നടത്തിയിരുന്നത്. വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്. പ്രതിക്ക് ലഹരിമരുന്ന് എത്തിച്ചവരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.






