കൊച്ചി: ബസ് കാത്തു നിൽക്കുമ്പോൾ തലയിൽ ഇഷ്‌ടിക വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. വടക്കേക്കര സത്താർ ഐലൻഡ് കൈതത്തറ ശ്യാമോൻ്റെ ഭാര്യ ആര്യ (34) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മുനമ്പം മാണി ബസാറിൽ മകൾ ശിവാത്മിക (6) യോടൊപ്പം ബസ് കാത്തുനിൽക്കുമ്പോൾ ആയിരുന്നു അപകടം. സമീപത്ത് നിർമാണം നടക്കുന്ന മൂന്നു നില കെട്ടിടത്തിൻ്റെ മുകളിൽ നിന്നാണ് ആര്യയുടെ തലയിലേക്ക് ഇഷ്ടിക വീണത്.
കെട്ടിടത്തിൽ നിർമാണം നടന്ന ഭാഗം മൂടാൻ ഉപയോഗിച്ചിരുന്ന പ്ലാസ്‌റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാൻ ഉപയോഗിച്ചിരുന്ന സിമന്റ് ഇഷ്ടികയാണ് താഴേക്ക് വീണത്. ഉടൻ തന്നെ ആര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാര പരിക്കേറ്റ ശിവാത്മികയെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.



