മുംബൈ: ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്ന് ഫോൺ നമ്പർ കൈപ്പറ്റി യുവതിക്ക് അശ്ലീല വീഡിയോകൾ അയച്ച ബസ് ഡ്രൈവറെ യുവതി പരസ്യമായി അടിച്ച് ശിക്ഷിച്ചു. ഏതാനും മാസം മുൻപ് യുവതി കാൻകാവ്‌ലിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കായി ഒരു സ്വകാര്യ ട്രാവൽസ് ഓഫീസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ആ രേഖകളിൽ നിന്ന് ഫോൺ നമ്പർ കണ്ടെത്തിയാണ് ഡ്രൈവർ പിന്നീട് യുവതിക്ക് അശ്ലീല വീഡിയോകൾ അയച്ചത്.
സെപ്റ്റംബർ 16-ന് വൈകുന്നേരം യുവതി മറ്റൊരു സ്ത്രീയോടൊപ്പം കാൻകാവ്‌ലി ബസ് സ്റ്റാൻഡിന് സമീപമുള്ള കമ്പനി ഓഫീസിലെത്തി. അവിടെ എത്തിയ ഡ്രൈവറെ തിരിച്ചറിഞ്ഞ ശേഷം യുവതി, ഫോണിലെ സന്ദേശങ്ങൾ തെളിവായി കാണിച്ച് ചോദ്യം ചെയ്തു. തുടർന്ന് പലതവണ പരസ്യമായി അടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് യുവതി ഇതുവരെ ഔദ്യോഗികമായി പൊലീസിൽ പരാതി നൽകിയിട്ടില്ല. എന്നാൽ വീഡിയോ പുറത്തുവന്നതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.






