ധൻബാദ്: അറസ്റ്റ് ചെയ്ത കാമുകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി യുവതിയുടെ പ്രതിഷേധം.ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. ഒന്നര മണിക്കൂറോളം നാട്ടുകാരെ മുൾമുനയിൽ നിർത്തി അനുനയ ശ്രമങ്ങൾക്ക് ശേഷമാണ് യുവതി താഴെയിറങ്ങിയത്.
ഷാഹ്രിയ സ്വദേശിയായ ദേവന്തി കുമാരി എന്ന യുവതിയാണ് ഹരിഹർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിഷുൻപൂർ ഗ്രാമത്തിലുള്ള മൊബൈൽ ടവറിന് മുകളിൽ കയറിയത്. യുവതിയുമായി പ്രണയത്തിലായിരുന്ന സുനിൽ മഹ്തോ എന്ന യുവാവിനെ കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് നിമിയാഘട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ വിവാഹിതനാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ തങ്ങൾ കഴിഞ്ഞ 5 വർഷമായി പ്രണയത്തിലാണെന്നും ഗുജറാത്തിൽ വെച്ച് വിവാഹം കഴിച്ചതാണെന്നും യുവതിയും അവകാശപ്പെടുന്നു.
കാമുകനെ ലോക്കപ്പിൽ നിന്നും ഉടൻ മോചിപ്പിക്കണമെന്നും താനുമായുള്ള വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതിയുടെ ഭീഷണി. നാടകീയ സംഭവങ്ങൾ അരങ്ങേറിയതോടെ സ്ഥലത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി. പ്രദേശവാസികളും പൊലീസും പലതവണ ആവശ്യപ്പെട്ടിട്ടും യുവതി താഴെയിറങ്ങാൻ കൂട്ടാക്കിയില്ല.സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ വലിയൊരു അപകടം ഒഴിവാക്കാൻ പൊലീസിന് കഴിഞ്ഞു.
ഹരിഹർപൂർ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് അങ്കിത് കുമാർ സിൻഹയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ നീണ്ട കൗൺസിലിങ്ങിനും അനുനയ ചർച്ചകൾക്കും ഒടുവിലാണ് യുവതിയെ ടവറിന് മുകളിൽ നിന്നും സുരക്ഷിതമായി താഴെയിറക്കിയത്. തുടർന്ന് ഇവരെ സ്റ്റേഷനിലേക്ക് മാറ്റുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





