കൊച്ചി: എൽഡിഎഫ് സർക്കാർ നിയോഗിച്ച വഖഫ് ബോർഡ് അംഗങ്ങളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. ഉമർ ഫൈസി മുക്കം ഉൾപ്പെടെ നാല് അംഗങ്ങൾ അയോഗ്യരാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസയെയും ഉൾപ്പെടെ മാറ്റണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ നിലവിലെ അംഗങ്ങളുടെ കാലാവധി ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് മറുവാദം.
അംഗങ്ങൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും ഉമർ ഫൈസി മുത്തവല്ലി അല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. വഖഫ് ബോർഡ് പുനസംഘടനയുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ് കേസ് നൽകിയതെന്ന് വ്യക്തമാക്കുന്നു. ഹർജി റിട്ട് പെറ്റീഷനായി നിലനിൽക്കില്ലെന്നും പൊതുതാൽപര്യ ഹർജി സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ നേരത്തേ മറ്റൊരു ഹർജിയും ഹൈക്കോടതി പരിഗണിച്ചിരുന്നു. ബോർഡ് രൂപീകരണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം തേടിയത്.
2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് നിലവിലെ ബോർഡ് രൂപീകരിച്ചതെന്നുമാണ് ഹർജിയിലെ ആരോപണം. വിഷയത്തിൽ ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്.


