കോഴിക്കോട്: ഹവാല ഇടപാടുകൾക്കും സൈബർ തട്ടിപ്പുകൾക്കും മ്യൂൾ അക്കൗണ്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നതായി പൊലീസ്. കഴിഞ്ഞ ആറുമാസത്തിനിടെ കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ മാത്രം ഇത്തരം 70 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത കേസുകളിൽ 52 എണ്ണം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്കൗണ്ട് ഉടമകളുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ 35 പേർ കോഴിക്കോട് നഗരപരിധിയിലുള്ളവരുമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചെറുകിട വ്യാപാരികൾ, ഓൺലൈൻ ജോലി ചെയ്യുന്ന യുവാക്കൾ, വിദ്യാർഥികൾ എന്നിവരാണ് ഇത്തരം തട്ടിപ്പുകളുടെ പ്രധാന ഇരകളാകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്കായി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുക്കുകയോ കമ്മീഷൻ നൽകി ഉപയോഗിക്കുകയോ ചെയ്യുന്ന അക്കൗണ്ടുകളെയാണ് ‘മ്യൂൾ അക്കൗണ്ടുകൾ’ എന്ന് വിളിക്കുന്നത്. നിശ്ചിത തുക വാടകയായോ കമ്മീഷനായോ നൽകി അക്കൗണ്ട് ഉടമകളിൽ നിന്ന് ബാങ്ക് അക്കൗണ്ടുകൾ കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ പിന്നീട് അവ വഴി കോടിക്കണക്കിന് രൂപയുടെ അനധികൃത പണമിടപാടുകൾ നടത്തുന്നതാണ് രീതി.
രാജ്യത്ത് നടക്കുന്ന നിരവധി സൈബർ തട്ടിപ്പുകളിലും ഹവാല ഇടപാടുകളിലും ഇത്തരം മ്യൂൾ അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഡാർക്ക് വെബിൽ ഉൾപ്പെടെ ഇത്തരം ബാങ്ക് അക്കൗണ്ടുകൾ വിൽപ്പനയ്ക്കും ലഭ്യമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സ്വന്തം ബാങ്ക് അക്കൗണ്ട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകുകയോ ഉപയോഗിക്കാൻ അനുവദിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുന്നതിന് തുല്യമാണെന്നും ഇത് നിയമവിരുദ്ധ പ്രവർത്തനമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.











