ഇടുക്കി: ഇടുക്കി ജില്ലയിലെ അടിമാലിയിൽ മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളംവെച്ചയാളെ നിയന്ത്രിക്കാൻ പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
അടിമാലി ബസ് സ്റ്റാൻഡിൽ പതിവായി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നയാളാണ് സംഭവത്തിലും ബഹളം സൃഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്കൂൾ വിദ്യാർഥികളോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.
ഇയാളെ നിയന്ത്രിക്കുന്നതിനായി പൊലീസ് പെപ്പർ സ്പ്രേ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പൊലീസിന്റെ നടപടി സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായിരിക്കുകയാണ്. പൊതുസ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കിയ ആളെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടിയെ അനുകൂലിച്ച് നിരവധി പേരാണ് പ്രതികരിക്കുന്നത്.











