പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. വെടിയേറ്റ വിദ്യാർഥിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട ഇന്ന് തൃത്താല പൊലീസ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ശേഖരിക്കും. പരിക്കേറ്റ കുട്ടി ഒരു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കേസിൽ തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. വിദ്യാർഥിയുടെ കൈവശമുണ്ടായിരുന്നത് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്ന് കണ്ടെത്തി. തോക്ക് സൂക്ഷിച്ച വീട്ടുകാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുട്ടിയിൽനിന്ന് പിടിച്ചെടുത്ത 0.22 റിവോൾവർ പ്രവർത്തനക്ഷമമാണെന്ന് പരിശോധനയിൽ വ്യക്തമായി. ഉത്തരേന്ത്യയിൽ നിർമിച്ച തോക്കാണിതെന്നും അതിൽ ഉപയോഗിച്ച വെടിയുണ്ട പഞ്ചാബിൽ നിർമിച്ചതാണെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ മുത്തച്ഛന്റേതാണ് തോക്കെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടിയുടെ കൈവശം എങ്ങനെ എത്തിയെന്ന കാര്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടായേക്കും.


