ന്യൂഡൽഹി: വോട്ടർപട്ടികയിലെ തെറ്റുകൾ തിരുത്താൻ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ (എസ്എസ്ആർ) ഭാഗമായി എല്ലാ വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കാനാണ് നിർദേശം.
വോട്ടറുടെ പേര്, ബന്ധുവിന്റെ പേര്, ബന്ധം, ജനനത്തീയതി, മൊബൈൽ നമ്പർ, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം. ഇതിനായി ബൂത്ത് ലവൽ ഓഫീസർമാരെ (ബിഎൽഒ) ചുമതലപ്പെടുത്തും.
സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തിയിട്ടും പട്ടികയിലെ തെറ്റുകൾ പൂർണമായി പരിഹരിക്കാൻ കഴിഞ്ഞില്ലെന്നാണ് കണ്ടെത്തൽ. ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയതും തിരഞ്ഞെടുപ്പ് കമ്മിഷന് തിരിച്ചടിയായി.
ഉത്തർപ്രദേശിൽ മാത്രം ലക്ഷത്തിലേറെ പേരുടെ വിവരങ്ങളിൽ തെറ്റുകളുണ്ടെന്നാണ് റിപ്പോർട്ട്. 87 വയസ്സുള്ള സുരേഷ് മിത്തലിന്റെ പിതാവിന്റെ പ്രായം 23 വയസ്സെന്നാണ് വോട്ടർപട്ടികയിൽ രേഖപ്പെടുത്തിയിരുന്നത്. വോട്ടർക്കും പിതാവിനും ഒരേ പ്രായം രേഖപ്പെടുത്തിയ 35,523 പേരുണ്ടെന്നും ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ ചൂണ്ടിക്കാട്ടിയിരുന്നു.
രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിലും സമാനമായ തെറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്എസ്ആർ നടപടിയിലൂടെ വോട്ടർപട്ടികയിലെ തെറ്റുകൾ തിരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്.


