Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സോഷ്യൽ മീഡിയ പോസ്റ്റുകളെ ഭയക്കുന്ന കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും, കുട്ടിസഖാവിനെ കുട്ടിത്തം പഠിപ്പിക്കാൻ സമസ്തയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡിജിറ്റൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യത്തെ സോഷ്യൽ മീഡിയ ലോകം കടന്നുപോകുന്നത്. പൗരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ചേർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച, സർക്കാരിന്റെ സാമ്പത്തിക-വിദേശ നയങ്ങൾക്കെതിരായ വിമർശനങ്ങൾ, രാഷ്ട്രീയ പ്രതിഷേധങ്ങൾ തുടങ്ങിയവയെല്ലാം ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് നിശ്ശബ്ദമായി തടയപ്പെടുകയാണ്.

കേന്ദ്ര സർക്കാർ നിർമ്മിച്ച സഹയോഗ് പോർട്ടൽ വഴി നൽകുന്ന നോട്ടീസുകളാണ് ഈ വെട്ടിച്ചുരുക്കലുകൾക്ക് പ്രധാന കാരണം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ ഭീഷണികളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നീക്കം ചെയ്യാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ച കേന്ദ്രീകൃത സംവിധാനമാണ് സഹയോഗ്. കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾക്കും സർക്കാർ വകുപ്പുകൾക്കും ഇതിലൂടെ നേരിട്ട് നോട്ടീസ് അയക്കാം. മുൻപ് വിവരസാങ്കേതിക നിയമത്തിലെ (IT Act) സെക്ഷൻ 69A പ്രകാരം ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യുമ്പോൾ പ്രത്യേക സമിതിയുടെ പരിശോധനയും ഉടമയ്ക്ക് വിശദീകരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു. എന്നാൽ, ഇടനിലക്കാരുടെ നിയമപരിരക്ഷയുമായി ബന്ധപ്പെട്ട സെക്ഷൻ 79(3)(b) മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയം ഇപ്പോൾ വ്യാപകമായി നോട്ടീസ് അയക്കുന്നത്. സർക്കാരിന്റെ ഈ നോട്ടീസുകൾ കണ്ണടച്ച് അനുസരിച്ചില്ലെങ്കിൽ തങ്ങൾക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷ നഷ്ടപ്പെടുമെന്നും നേരിട്ട് നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമുള്ള ഭയത്താൽ സോഷ്യൽ മീഡിയ കമ്പനികൾ ഇത്തരം ലിങ്കുകൾ പരിശോധന കൂടാതെ നീക്കം ചെയ്യാൻ നിർബന്ധിതരാകുന്നു.

മാർച്ച് മുതൽ ജൂലൈ വരെയുള്ള വെറും അഞ്ച് മാസത്തിനിടെ 1,95,000-ത്തോളം (ഏകദേശം രണ്ട് ലക്ഷം) ബ്ലോക്കിംഗ് ഓർഡറുകളാണ് കേന്ദ്ര സർക്കാർ നൽകിയത്. അതായത്, ശരാശരി ഓരോ മിനിറ്റിലും ഓരോ പോസ്റ്റ് വീതം നീക്കം ചെയ്യപ്പെടുന്നു. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലെ കണ്ടന്റുകൾ നിയന്ത്രിക്കുന്നതിലാണ് വൻ വർദ്ധനവുണ്ടായത്. ഇതിൽ സിംഹഭാഗവും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളാണ്. അടുത്തിടെ നടന്ന സി.ജെ.പി സമരവും കേന്ദ്രമന്ത്രിയുടെ രാജിയും സോഷ്യൽ മീഡിയ വഴി വലിയ ജനശ്രദ്ധ നേടിയതാണ് സർക്കാരിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2026 ഫെബ്രുവരിയിൽ വന്ന നിയമഭേദഗതി പ്രകാരം നോട്ടീസുകളിൽ നടപടിയെടുക്കാനുള്ള സമയപരിധി 24-36 മണിക്കൂറിൽ നിന്ന് 2-3 മണിക്കൂറായി വെട്ടിച്ചുരുക്കി. ഇതോടെ മെറ്റ തങ്ങളുടെ സിസ്റ്റം ‘സഹയോഗ്’ പോർട്ടലുമായി നേരിട്ട് എപിഐ (API) വഴി ബന്ധിപ്പിച്ചു. ഫലത്തിൽ, സർക്കാരുകൾ അപ്‌ലോഡ് ചെയ്യുന്ന ലിങ്കുകൾ മനുഷ്യപരിശോധന പോലുമില്ലാതെ സ്വമേധയാ അപ്രത്യക്ഷമാകുകയാണ്.

കേന്ദ്രത്തിന്റെ ഈ നയങ്ങൾക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലും നിഴലിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ മാത്രം സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്ന നിരവധിയായ വാർത്തകളും കാർഡുകളുമാണ് നീക്കം ചെയ്യപ്പെട്ടത്. കൈരളി ന്യൂസിന്റെ 36 കാർഡുകളും റിപ്പോർട്ടർ ടിവിയുടെ അടക്കം വാർത്തകളും ഇത്തരത്തിൽ അപ്രത്യക്ഷമായി. വിഷയം വിവാദമായപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും, പ്രാദേശിക ഭരണകൂടത്തിന്റെ/അധികാരികളുടെ നിർദേശപ്രകാരമാണ് കണ്ടന്റുകൾ നീക്കം ചെയ്തതെന്ന് മെറ്റ അയച്ച ഇമെയിൽ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ ഇതിനുപിന്നിൽ ആരാണെന്നതിൽ കൂടുതൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.

ഇതിനിടയിലാണ് ഇൻസ്റ്റഗ്രാമിൽ 24 മണിക്കൂറിനുള്ളിൽ 2 മില്യണിലധികം കാഴ്ചക്കാരെ നേടി തരംഗമായ ‘കുട്ടി സഖാവ്’ എന്ന പേജും മുഹമ്മദ് സിയാൻ എന്ന കുട്ടിതാരത്തിന്റെ അക്കൗണ്ടും മെറ്റ ഔദ്യോഗികമായി പൂട്ടിയത്. ഈ പേജ് നീക്കം ചെയ്തതിൽ സർക്കാരിന് പങ്കുണ്ടെന്ന ആരോപണങ്ങളൊന്നും ഉയർന്നുവന്നിട്ടില്ലെങ്കിലും, കുട്ടിയുടെ രാഷ്ട്രീയ ഇടപെടലിനെതിരെ സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എസ്.എഫ് രംഗത്തെത്തി. കുട്ടികളിലെ അമിത മുതിർച്ച ഒരു വൈകല്യമാണെന്നും മുതിർന്നവർ രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കരുതെന്നും അവരുടെ മുഖപത്രമായ ‘രിസാല അപ്‌ഡേറ്റിൽ’ ചൂണ്ടിക്കാട്ടി.

ശ്രേയ സിംഗാൾ കേസിലെ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയും ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ ഡിജിറ്റൽ സെൻസർഷിപ്പ് നടപ്പിലാക്കുന്നത്. പോസ്റ്റ് നീക്കം ചെയ്യപ്പെടുന്ന വ്യക്തിക്ക് യാതൊരു മുന്നറിയിപ്പോ വിശദീകരണത്തിനുള്ള അവസരമോ നൽകുന്നില്ലെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും നിയമവിദഗ്ദ്ധരും വിമർശിക്കുന്നു. പൗരന്റെ ശബ്ദങ്ങളെയും സ്വതന്ത്ര മാധ്യമപ്രവർത്തനത്തെയും ഭയക്കുന്ന ഭരണകൂടങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ ആയുധമാക്കി ജനാധിപത്യപരമായ സംവാദങ്ങളെ നിശ്ശബ്ദമാക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer