തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആവേശം പകരാൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ കേരളത്തിലെത്തും. ഓഗസ്റ്റ് 29ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്–തൃശൂർ ടൈറ്റൻസ് മത്സരത്തിന് ഗെയ്ൽ ഗാലറിയിലെത്തുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
ഉച്ചയ്ക്ക് 2.30നാണ് മത്സരം. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമ കൂടിയായ ഗെയ്ൽ സ്വന്തം ടീമിന്റെ മത്സരം നേരിട്ട് കാണാനാണ് കേരളത്തിലെത്തുന്നത്. ഗെയ്‌ലിന്റെ സാന്നിധ്യം ടീമിനും ആരാധകർക്കും ഒരുപോലെ ആവേശം പകരുമെന്നാണ് പ്രതീക്ഷ.
കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ഇറങ്ങുന്നത്. ഗെയ്ൽ സ്റ്റേഡിയത്തിലെത്തുന്നതോടെ മത്സരത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മത്സരം നേരിട്ട് കാണാനും കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാനും ക്രിക്കറ്റ് ആരാധകരോട് ടീം മാനേജ്മെന്റ് അഭ്യർത്ഥിച്ചു.


