തിരുവനന്തപുരം: കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ തൂഫാനിൽ സംസ്ഥാനത്തുടനീളം ഇതുവരെ 17,071 പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം 166 കേസുകളിലായി 172 പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 15,793 ആയി.
ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 30,646.629 ഗ്രാം എംഡിഎംഎ, 2,062.244 കിലോഗ്രാം കഞ്ചാവ്, 8,253.32 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ലഹരിവിൽപ്പനയും ഉപയോഗവും തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വച്ചതിന് 54 കേസുകളും മീഡിയം ക്വാണ്ടിറ്റി വിഭാഗത്തിൽ ഏഴ് കേസുകളും എൻഡിപിഎസ് ആക്ട് പ്രകാരം 105 കേസുകളും ഉൾപ്പെടുന്നു. കൂടാതെ, കോട്പ നിയമപ്രകാരം 192 കേസുകളും രജിസ്റ്റർ ചെയ്തു. ഈ പരിശോധനകളിൽ 8.481 ഗ്രാം എംഡിഎംഎ, 3.391 കിലോഗ്രാം കഞ്ചാവ്, 6.7 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.
ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾക്കും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രാധാന്യം നൽകുന്നുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം പൊലീസ് 21 ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതോടെ ആകെ നടത്തിയ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 12,473 ആയി. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 8,600 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ലഹരിമരുന്ന് വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊലീസിനെ നേരിട്ടോ വാട്സ്ആപ്പ് വഴിയോ അറിയിക്കാം. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.




