തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിൽ പരസ്യ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഉമ്മൻചാണ്ടിക്കൊപ്പം നിലകൊണ്ടവരാണ് കെ.സി. ജോസഫും ബെന്നി ബെഹനാനുമെന്നും എന്നാൽ ഷാഫി പറമ്പിൽ നിലവിൽ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും സർക്കാരും ഒന്നായി മാറിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും രണ്ടും സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
ദേശീയ നേതൃത്വം വിഭാഗീയതയെ പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഗ്രൂപ്പ് പ്രവർത്തനം വിഭാഗീയതയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ തനിക്കും നിരവധി പരാതികളും ആശങ്കകളുമുണ്ടെന്നും എല്ലാം കടിച്ചുപിടിച്ച് നിൽക്കുകയാണെന്നും ഉണ്ണിത്താൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ പരാതികൾ അറിയിക്കാൻ കൃത്യമായ വേദിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
കെപിസിസി അധ്യക്ഷൻ, രണ്ട് വർക്കിങ് പ്രസിഡന്റുമാർ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന റോജി എം. ജോൺ എന്നിവരെല്ലാം മന്ത്രിമാരാണെന്ന കാര്യവും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. പാർട്ടിയും സർക്കാരും ഒന്നായി മാറിയതാണ് പ്രശ്നമെന്നും രണ്ടും രണ്ടായി പ്രവർത്തിച്ചാൽ മാത്രമേ പരാതികൾ ഉന്നയിക്കാനും സംഘടനാപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ എന്തുകൊണ്ടാണ് വിഷയത്തിൽ ഇടപെടാത്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എംപി പ്രതികരിച്ചു.
അതേസമയം, പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് തിരിച്ചുവരവിനെയും ഉണ്ണിത്താൻ വിമർശിച്ചു. ബിജെപിയിൽനിന്ന് പ്രതീക്ഷിച്ച നേട്ടങ്ങൾ ലഭിക്കാത്തതിനാലാണ് പത്മജ തിരിച്ചുവരാൻ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബിജെപിയിലേക്ക് പോയപ്പോൾ കെ. കരുണാകരനെപ്പോലും പത്മജ അപമാനിച്ചുവെന്നും കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം ബിജെപിയിൽ ചേരുമായിരുന്നുവെന്ന പത്മജയുടെ പഴയ പരാമർശം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിക്കൊപ്പം പ്രവർത്തിച്ചിരുന്ന നേതാക്കളെ പാർട്ടിയിൽ അവഗണിക്കുന്നുവെന്ന് ആരോപിച്ച് എ ഗ്രൂപ്പ് നേതാക്കൾ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഉണ്ണിത്താന്റെ പ്രതികരണം. കെ.സി. ജോസഫിന്റെ നേതൃത്വത്തിൽ ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളാണ് കേന്ദ്ര നേതൃത്വത്തെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചത്.


