2017ലെ കസബ വിവാദവും തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളും തന്നെ എത്രത്തോളം ബാധിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് നടി പാർവതി തിരുവോത്ത്. തനിക്കെതിരെയുണ്ടായ വിദ്വേഷം വർഷങ്ങളായി സമൂഹത്തിൽ വേരൂന്നിയ പുരുഷാധിപത്യത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും പ്രതിഫലനമായിരുന്നുവെന്നാണ് പാർവതി പറയുന്നത്.
2016ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ‘കസബ’ എന്ന ചിത്രത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭാഷണങ്ങളെയും രംഗങ്ങളെയും പാർവതി പരസ്യമായി വിമർശിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. 2017ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് സംഘടിപ്പിച്ച വേദിയിലായിരുന്നു പാർവതിയുടെ വിമർശനം. മികച്ച നടനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ സ്ത്രീകളെ അപമാനിക്കുന്ന രംഗത്തിൽ അഭിനയിക്കുന്നത് നിരാശാജനകമാണെന്നായിരുന്നു അന്ന് പറഞ്ഞത്.
ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പാർവതിക്കെതിരെ വ്യാപകമായ അധിക്ഷേപങ്ങളും ട്രോളുകളും ഉയർന്നു. ബലാത്സംഗ, വധഭീഷണികൾ വരെ ലഭിച്ചു. സംഭവത്തിൽ നടി പൊലീസിൽ പരാതി നൽകുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


