ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. വനിതാ സംവരണം അടുത്ത വർഷം മുതൽ തന്നെ നടപ്പാക്കുന്നതിനുള്ള ഭേദഗതി പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ പാസാക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഇതുസംബന്ധിച്ച് രാഷ്ട്രീയകക്ഷികളിൽ സമവായം ഉണ്ടാക്കുന്നതിനായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഫോൺ വഴി ചർച്ച നടത്തി.
നിലവിലുള്ള ‘നാരി ശക്തി’ നിയമപ്രകാരം മണ്ഡല പുനർനിർണയം പൂർത്തിയായതിന് ശേഷമാണ് വനിതാ സംവരണം പ്രാബല്യത്തിൽ വരേണ്ടത്. എന്നാൽ അതിന് മുമ്പ് തന്നെ അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം നടപ്പാക്കാനാണ് ഭേദഗതി കൊണ്ടുവരാനുള്ള നീക്കം.
വനിതാ സംവരണം നടപ്പാക്കേണ്ട മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ തീരുമാനിക്കാനാണ് സാധ്യതയെന്ന് സൂചനയുണ്ട്. വനിതാ സംവരണം നടപ്പാക്കാൻ 2029 വരെ കാത്തിരിക്കേണ്ടതില്ലെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഭേദഗതിക്ക് വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണ ലഭിക്കാനാണ് സാധ്യത.






