കോഴിക്കോട്: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തിൽ ‘ഭിന്നശേഷി സൗഹൃദം: എന്ത് എന്തിന്’ എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സൗഹൃദപരമായ അന്തരീക്ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചചെയ്യുന്ന പരിപാടി ശ്രദ്ധേയമായി. അസിസ്റ്റന്റ് കലക്ടർ ഡോ. എസ് മോഹനപ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷാ മിഷൻ റീജണൽ ഡയറക്ടർ ഡോ. പി സി സൗമ്യ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ചെണ്ടവാദ്യത്തിൽ വിജയിയായ മുഹമ്മദ് നിയാസ്, സാമൂഹിക പ്രവർത്തകൻ ശിവൻ കോട്ടൂളി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസുകൾക്ക് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്‌ഡ് മുൻ ഡയറക്ടർ ഡോ. എം കെ ജയരാജ്, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ഡയറക്ടർ ഗിരീഷ് കീർത്തി, ഡോ. ആഷിഖ് ഹൈദർഅലി എന്നിവർ നേതൃത്വം നൽകി.
സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റി സ്റ്റേറ്റ് കോ ഓർഡിനേറ്റർ മുജീബ് റഹ്മാൻ മോഡറേറ്ററായിരുന്നു. ജില്ലാ സാമൂഹികനീതി ഓഫീസർ അഞ്ജു മോഹൻ സ്വാഗതവും സീനിയർ സൂപ്രണ്ട് ബി രാജീവ് നന്ദിയും പറഞ്ഞു. ഭിന്നശേഷി സൗഹൃദപരമായ സമൂഹം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ പരിപാടിക്ക് സാധിച്ചു.






