മുംബൈ: ഷാവോമി സിവി 5 പ്രോ സ്മാര്‍ട്ഫോണ്‍ ഈ മാസം അവസാനത്തോടെ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ഷാവോമി സിവി 4 പ്രോയുടെ പിന്‍ഗാമിയാണിത്. അതിനിടെ ഫോണിന്റെ വിവിധ ഫീച്ചറുകള്‍ എന്തായിരിക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്പ്സെറ്റും 6000 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന്. നിലവില്‍ വിപണിയിലുള്ള സിവി 4 പ്രോയില്‍ സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3ചിപ്പ്സെറ്റും 4700 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. 67 വാട്ട് അതിവേഗ ചാര്‍ജിങ്ങുമുണ്ട്.
ഒരു ചൈനീസ് ടിപ്പ്സ്റ്ററാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ വെയ്ബോയില് ഷാവോമി സിവി 5 പ്രോ ഈ മാസം ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുമെന്ന വിവരം പുറത്തുവിട്ടത്. ഇടത്തരം വലിപ്പമുള്ള ഒഎല്‍ഇഡി ക്വാഡ് കര്‍വ്ഡ് ഡിസ്പ്ലേ ആയിരിക്കും ഇതിനെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5 കെ റെസലൂഷന്‍ ഇതിനുണ്ടാവുമെന്നും കരുതുന്നു.
സിവി 5 പ്രോയില്‍ 50 എംപി ടെലിഫോട്ടോ ക്യാമറയായിരിക്കുമെന്നാണ് ടിപ്പ്സ്റ്റര്‍ നല്കുന്ന വിവരം. 3എക്സ് ഒപ്റ്റിക്കല്‍ സൂം സൗകര്യമുണ്ടാവും. ഫോണില്‍ ലെയ്ക ക്യാമറകളാണ് ഉണ്ടാവുകയെന്നും ഡ്യുവല്‍ സെല്‍ഫി ക്യാമറകളായിരിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സ്നാപ്ഡ്രാഗണ്‍ 8 എസ് ജെന്‍ 4 ചിപ്പ്സെറ്റ് ആയിരിക്കും ഫോണിലെന്നും ടിപ്പ്സ്റ്റര്‍ നല്കുന്ന വിവരമാണ്. 6000 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതില്‍. 7എംഎം കനമായിരിക്കും ഫോണിനുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.






