ഹൈദരാബാദ്: സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയുടെ പകരം ഇംഗ്ലീഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് എത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിൽ എന്ത് മാറ്റമുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏഴാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് എതിരാളി പോയിന്റ് പട്ടികയിൽ തന്നെ താഴെയുള്ള സ്‌പോർട്ടിങ് ഡൽഹിയാണ്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യൻ ഫുട്‌ബോളിൽ പരിചയസമ്പന്നനായ പരിശീലകനാണ് വെസ്റ്റ്‌വുഡ്. മുമ്പ് എഫ്.സി. ബെംഗളൂരുവിനെ കിരീട നേട്ടങ്ങളിലേക്ക് നയിച്ച അനുഭവവുമുണ്ട്. ആറു മത്സരങ്ങളിൽ അഞ്ചിലും തോറ്റു, ജയം നേടാതിരുന്ന ബ്ലാസ്റ്റേഴ്‌സിനെ കരകയറ്റുകയെന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. കറ്റാലയുടെ കീഴിൽ സ്ഥിരതയില്ലാത്ത ഇലവനും ഗെയിംപ്ലാനും ആയിരുന്നു ടീമിന് ഉണ്ടായിരുന്നത്. പുതിയ പരിശീലകനുകീഴിൽ ടീം എങ്ങനെ മാറുമെന്നത് ശ്രദ്ധേയമാകും.
പ്രതിരോധം ശക്തിപ്പെടുത്തി പ്രത്യാക്രമണ ശൈലിയിൽ കളിക്കുകയാണ് വെസ്റ്റ്‌വുഡിന്റെ രീതിയെന്ന് വിലയിരുത്തപ്പെടുന്നു. വിങ്ങർമാർക്ക് കൂടുതൽ പ്രാധാന്യമുണ്ടാകും. ബംഗ്ലാദേശ്, ഹോങ്കോങ് ടീമുകളെ പരിശീലിപ്പിക്കുമ്പോൾ 4-4-2 സ്വീപ്പർ ഡയമണ്ട് ഫോർമേഷൻ പരീക്ഷിച്ചിരുന്നെങ്കിലും ഈ മത്സരത്തിൽ അത് ഉപയോഗിക്കുമോയെന്നത് വ്യക്തമല്ല.
മറുവശത്ത് മലയാളികളും മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും അടങ്ങിയതാണ് സ്‌പോർട്ടിങ് ഡൽഹി ടീം. അലക്‌സ് സജി, മനോജ് മുഹമ്മദ്, ജോസഫ് സണ്ണി, അലൻ സജി എന്നിവരാണ് മലയാളി താരങ്ങൾ. മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് അയ്മൻ, മുഹമ്മദ് അസ്ഹർ, കരൺജിത്ത് സിങ്, നോറ ഫെർണാണ്ടസ് എന്നിവരും ടീമിലുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകസംഘാംഗമായ തോമാസ് ചോർസാണ് ഡൽഹിയെ പരിശീലിപ്പിക്കുന്നത്. ലീഗിൽ ഒരു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് 13-ാം സ്ഥാനത്തും രണ്ട് പോയിന്റുമായി ഡൽഹി 12-ാം സ്ഥാനത്തുമാണ്. ഇരുടീമുകളും ആദ്യജയത്തിനായാണ് ഇറങ്ങുന്നത്.
ഇതിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ ബഹിഷ്‌കരിക്കുമെന്ന് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട പ്രഖ്യാപിച്ചു. ടീമിന്റെ മോശം പ്രകടനവും മാനേജ്‌മെന്റിന്റെ നയങ്ങളുമാണ് പ്രതിഷേധത്തിന് കാരണം. ആരാധകരുടെ ആശങ്കകൾ പരിഹരിക്കുകയും ഉത്തരവാദികളായവരെ മാറ്റുകയും ചെയ്താൽ മാത്രമേ പിന്തുണ നൽകുകയുള്ളുവെന്ന് മഞ്ഞപ്പട വ്യക്തമാക്കിയിട്ടുണ്ട്.




