എടത്വ: കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ ഒരു കോടി രൂപയുടെ ഭാഗ്യം. തലവടി ആനപ്രമ്പാൽ സ്വദേശിനിയും ബേക്കറി ഉടമയുമായ കുഞ്ഞച്ചാമ്മ (72)യ്ക്കാണ് നഷ്ടപ്പെട്ടു പോയെന്നു കരുതിയ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പ്രതിദിനം ഒന്നോ രണ്ടോ ലോട്ടറി എടുക്കാറുള്ള കുഞ്ഞച്ചാമ്മയ്ക്ക് ഇതുവരെ ചെറിയ സമ്മാനങ്ങളായിരുന്നു ലഭിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച വാങ്ങിയ ടിക്കറ്റിന്റെ ഫലം വ്യാഴാഴ്ച പത്രത്തിൽ നോക്കിയപ്പോൾ വലിയ സമ്മാനം കിട്ടിയില്ലെന്ന് കരുതി, ടിക്കറ്റ് ചവറ്റുകുട്ടയിൽ ഇട്ടുകളഞ്ഞു.
വൈകിട്ട് കട അടച്ച ശേഷം ടിക്കറ്റ് മാലിന്യക്കൂമ്പാരത്തിലേക്ക് തള്ളുകയും ചെയ്തു. പിന്നീട് സഹോദരൻ അറിയിച്ചതിനെ തുടർന്ന് വീണ്ടും കടയിൽ എത്തി മാലിന്യക്കൂമ്പാരത്തിൽ നിന്ന് ടിക്കറ്റ് തിരഞ്ഞെടുത്തപ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ചതായി വ്യക്തമായത്. ഇതോടൊപ്പം മറ്റൊരു ടിക്കറ്റിന് 5000 രൂപയും ലഭിച്ചു. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ തലവടി ശാഖയിൽ ഏൽപ്പിച്ചു. സമ്മാനം ലഭിച്ചതോടെ ഇനി മറ്റൊരാളുടെ ആശ്രയം കൂടാതെ ജീവിക്കാനാകുമെന്ന ആശ്വാസത്തിലാണ് കുഞ്ഞച്ചാമ്മ.




