ചപ്പാത്തി, അപ്പം, പൂരി, ഇടിയപ്പം, പത്തിരി എന്നിവയ്ക്കൊപ്പം കഴിക്കാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു ക്രീമിയായ കുറുമ. ഗ്രീൻപീസോ കിഴങ്ങോ ഒന്നും ഇല്ലാതെ വെറും സവാളയും തേങ്ങയും മസാലകളും കൊണ്ട് തയാറാക്കുന്ന ഈ കുറുമയ്ക്ക് ഹോട്ടൽ സ്റ്റൈൽ രുചിയുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് ഈ വിഭവം തയ്യാറാക്കാൻ കഴിയും.
ആവശ്യമായ ചേരുവകൾ
സവാള – 3 എണ്ണം (നീളത്തിൽ സ്ലൈസ് ചെയ്തത്)
തക്കാളി – 1 വലിയത്
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
വെളുത്തുള്ളി – 5 അല്ലി
കറിവേപ്പില – 2 തണ്ട്
മല്ലിയില – അലങ്കരിക്കാൻ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
മല്ലിപ്പൊടി – 1½ ടീസ്പൂൺ
പെരുംജീരകപ്പൊടി – ½ ടീസ്പൂൺ
ഗരംമസാല – ½ ടീസ്പൂൺ
കുരുമുളകുപൊടി – ¼ ടീസ്പൂൺ
തേങ്ങ ചിരണ്ടിയത് – 1 കപ്പ്
കശുവണ്ടി – 6 മുതൽ 8 എണ്ണം വരെ
പെരുംജീരകം – ½ ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ / സാധാരണ എണ്ണ – 2 ടേബിൾസ്പൂൺ
പട്ട – ചെറിയ കഷണം
ഗ്രാമ്പൂ – 3 എണ്ണം
ഏലയ്ക്ക – 2 എണ്ണം
തയാറാക്കുന്ന വിധം
ആദ്യം ഒരു മിക്സി ജാറിൽ തേങ്ങ ചിരണ്ടിയത്, കശുവണ്ടി, പെരുംജീരകം എന്നിവ ചേർക്കുക. അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. കശുവണ്ടി ചേർക്കുന്നത് കുറുമയ്ക്ക് നല്ല കട്ടിയും ക്രീമി ടെക്സ്ചറും നൽകും. ഹോട്ടൽ സ്റ്റൈൽ ടെക്സ്ചർ ലഭിക്കാൻ ഇത് സഹായിക്കും. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. ശേഷം പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചേർത്ത് സുഗന്ധം വരുന്നത് വരെ വഴറ്റുക. ഇതിലേക്ക് സവാള ചേർത്ത് ചെറുതീയിൽ നന്നായി വഴറ്റണം. സവാള അല്പം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക. ഇതെല്ലാം ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി ഇളക്കുക. തക്കാളി മൃദുവായി എണ്ണ തെളിയുന്ന വരെ വേവിക്കണം.ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് തീ കുറച്ച് ഇളക്കുക. മസാല കരിയാതിരിക്കാനായി അല്പം വെള്ളം തളിക്കാം. ഈ ഘട്ടത്തിലാണ് കുറുമയുടെ യഥാർത്ഥ രുചി രൂപപ്പെടുന്നത്. മസാല നന്നായി മൂത്താൽ മാത്രമേ കുറുമയ്ക്ക് നല്ല ഫ്ലേവർ ലഭിക്കൂ.
ഇപ്പോൾ ആവശ്യത്തിന് വെള്ളം ചേർത്ത് കുറുമ തിളപ്പിക്കുക. ശേഷം അരച്ചുവച്ച തേങ്ങ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. കുറച്ച് സമയം ചെറുതീയിൽ വേവിക്കുക. കുറുമ കട്ടിയാകുമ്പോൾ ഗരംമസാലയും കുരുമുളകുപൊടിയും ചേർക്കാം. അവസാനം കറിവേപ്പിലയും മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യുക.






