റിയാദ്: മഞ്ഞപ്പിത്തത്തെ തുടർന്ന് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. മലപ്പുറം വേങ്ങര ചെറൂർ ചോലക്കൽ സ്വദേശി ഷാഹിദ് ചോലക്കൽ (52) ആണ് ജിസാനിൽ മരിച്ചത്. ചോലക്കൽ അബൂബക്കറിന്റെ മകനാണ്.
ജിസാനിലെ ദബിയയിൽ ജോലി ചെയ്തുവരികയായിരുന്ന ഷാഹിദിനെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ജിസാൻ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നിലവിൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ നുസൈബ പട്ടാണിയാണ്. മൂന്ന് മക്കളുണ്ട്. ഷാഹിദിന്റെ സഹോദരൻ മുഹമ്മദ് റാഫിയും അളിയൻ ഷശ്ബീറും ജിസാനിലുണ്ട്. മൃതദേഹം ജിസാനിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നിയമനടപടികൾക്കായി ഷശ്ബീറിന്റെ പേരിൽ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയിട്ടുണ്ട്.
മൃതദേഹം ജിസാനിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. കെ.എം.സി.സി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ, വെൽഫെയർ വിങ് ചെയർമാൻ ഗഫൂർ വാവൂർ എന്നിവരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.






