മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വഴിക്കടവ് മരുത സ്വദേശി സുരേഷിനെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഈടാക്കരയിൽ ശനിയാഴ്ച പകലാണ് സംഭവം. യുവതി പാത്രങ്ങൾ കഴുകുന്നതിനിടെ പിറകിലൂടെ വന്ന പ്രതി യുവതിയെ കടന്നുപിടിച്ച് വീട്ടിനകത്തേക്കുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ ഭർത്താവും ബന്ധുക്കളും പോലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. സുരേഷ് ലഹരി ഉപയോഗിക്കുന്നയാളും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളുമാണെന്ന് വഴിക്കടവ് പോലീസ് പറഞ്ഞു. പോലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, തല്ലുപിടിക്കേസ് തുടങ്ങി ഏഴോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കാപ്പ കേസിൽ ഉൾപ്പെടുത്തുന്നതിന് പോലീസ് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






