കോഴിക്കോട്: തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്ന് വൈകിട്ട് നാലുമണിയോടെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കാറിലാണ് വിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായി വാഹനം അവിടെ തന്നെ നിർത്തിയിട്ടിരുന്നതിനാൽ സംശയം തോന്നിയ നാട്ടുകാർ കാറിനടുത്തേക്ക് ചെന്നു നോക്കിയപ്പോഴാണ് യുവാവ് കാറിനുള്ളിൽ ബോധരഹിതനായി കിടക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് കാറ് തുറന്ന് വിജോയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, അതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു. ബംഗളൂരുവിൽ ഷെഫായി ജോലി ചെയ്തിരുന്ന വിജോ ക്രിസ്തുമസ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു. സംഭവസ്ഥലത്തെത്തിയ തൊട്ടിൽപ്പാലം പൊലീസ് കാറിൽ വിശദമായ പരിശോധന നടത്തി വരികയാണ്. കാറിൽ എസി ഓൺ ആയിരുന്നതായി പൊലീസിന്റെ പ്രാഥമിക നിഗമനത്തിൽ പറയുന്നു.മരണകാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.






