ആലപ്പുഴ: ഹരിപ്പാട് നഗരത്തിലെ ഹോട്ടലിൽ ചിക്കൻ ഫ്രൈഡ് റൈസിലെ ചിക്കൻ കഷണങ്ങൾ കുറവാണെന്ന് ആരോപിച്ച് യുവാവ് നടത്തിയ അക്രമത്തിൽ വ്യാപക നാശനഷ്ടം. ഹരിപ്പാട് പ്രവർത്തിക്കുന്ന ‘ചിക്കാഗോ’ ഹോട്ടലിലാണ് സംഭവം നടന്നത്.
ഓർഡർ ചെയ്ത ഭക്ഷണത്തിൽ ചിക്കൻ കുറവാണെന്ന പരാതിയെ തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടായി. തർക്കം പിന്നീട് അക്രമത്തിലേക്ക് മാറുകയായിരുന്നു. പ്രകോപിതനായ യുവാവ് ഹോട്ടലിലെ കൗണ്ടറിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ മോണിറ്റർ, കീബോർഡ്, ബില്ലിംഗ് മെഷീൻ എന്നിവ അടിച്ചുതകർത്തു. കൂടാതെ ഭക്ഷണശാലയിലെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി.
ആറാട്ടുപുഴ സ്വദേശിയായ സുധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. സംഭവത്തിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.




