തൃശ്ശൂർ: ആയുർവേദ തൈലങ്ങളുടെ കച്ചവടത്തിന്റെ മറവിൽ വീട്ടിൽ വൻ ലഹരി കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പാവറട്ടി കാക്കശ്ശേരി സ്വദേശി പാമ്പിങ്ങൽ വീട്ടിൽ ലിജിൻ (34) എന്നയാളുടെ വീട്ടിൽ തൃശ്ശൂർ റൂറൽ ഡൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് 21.5കിലോ കഞ്ചാവും, 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്. ഇയാൾ മുല്ലശ്ശേരിയിൽ ആയുർവേദ മരുന്നു ഫാർമസി നടത്തുന്നുണ്ട്. ഞായാറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. വാടാനപ്പള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. വീടുകയറി ആക്രമണം നടത്തിയതിനും തട്ടിപ്പ് നടത്തിയതിനും ഇയാൾക്കെതിരെ പാവറട്ടി പോലീസ് സ്റ്റേഷനിൽ നേരത്തെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.






