കൊച്ചി: ആലുവയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന കമ്പനിയുടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. ആലുവ കത്തായി കോട്ടൺ മിൽസിന്റെ പരിസരത്താണ് ഏകദേശം ആറടി ഉയരമുള്ള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
അടുത്തകാലത്ത് ഇവിടെ കാട് വെട്ടിത്തെളിച്ച് വാഴകൃഷി ആരംഭിച്ചിരുന്ന പ്രദേശത്താണ് ചെടികൾ കണ്ടെത്തിയത്. വാഴത്തോട്ടത്തിന് സമീപത്തായി കഞ്ചാവ് ചെടികൾ വളരുന്നതായി എക്‌സൈസ് സംഘം പരിശോധനയ്ക്കിടെ കണ്ടെത്തുകയായിരുന്നു. ആരാണ് ചെടികൾ നട്ടതെന്നതിൽ വ്യക്തതയില്ല.
ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയ്ക്കിടെയാണ് കണ്ടെത്തൽ. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബേസിൽ കെ തോമസ്, പ്രദീപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ചെടികൾ നീക്കം ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതർ അറിയിച്ചു.






