കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വ്യാപക റെയ്ഡിൽ 1050 ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ, നരിനട ഭാഗങ്ങളിലായിരുന്നു റെയ്ഡ് നടന്നത്.
പെരുവണ്ണാമുഴി ഡാം റിസർവോയറിനോട് ചേർന്ന പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള വാഷ് ശേഖരം കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത നിലയിൽ അഞ്ച് വലിയ ബാരലുകളിലാക്കി മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പകൽ രണ്ടരയോടെയാണ് എക്സൈസ് സംഘം റെയ്ഡ് നടത്തി വാഷ് കസ്റ്റഡിയിലെടുക്കുകയും നശിപ്പിക്കുകയും ചെയ്തത്.തദ്ദേശ തെരഞ്ഞെടുപ്പിന്റെയും ആഘോഷങ്ങളുടെയും പശ്ചാത്തലത്തിൽ അനധികൃത മദ്യ ഉത്പാദനവും വിതരണവും തടയുന്നതിനായി എക്സൈസ് പരിശോധനകൾ ജില്ലയിൽ ശക്തമായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും എക്സൈസ് അധികൃതർ മുന്നറിയിപ്പ് നൽകി.






