മലപ്പുറം: പുന്നപ്പുഴയിൽ മുങ്ങിത്താഴുകയായിരുന്ന എട്ടുവയസ്സുകാരനെ രക്ഷിക്കാൻ ശ്രമിച്ച് ചുഴിയിൽ അകപ്പെട്ട വല്യുപ്പയെയും അതിസാഹസികമായി രക്ഷപ്പെടുത്തി പതിനൊന്നുകാരൻ. വഴിക്കടവ് സ്വദേശി അമൽ ഷാൻ എന്ന വിദ്യാർത്ഥിയാണ് തന്റെ സുഹൃത്ത് ഷെബിൻ ഷാനെയും വല്യുപ്പ അബൂബക്കറിനെയും രക്ഷപ്പെടുത്തിയത്.
ബന്ധുക്കളോടൊപ്പം പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. നീന്തുന്നതിനിടെ ഷെബിൻ ഷാൻ അപ്രതീക്ഷിതമായി പുഴയിലെ കയത്തിൽ അകപ്പെടുകയായിരുന്നു. ഇത് കണ്ടു രക്ഷിക്കാൻ ശ്രമിച്ച വല്യുപ്പ അബൂബക്കറും ചുഴിയിൽപ്പെടുകയായിരുന്നു.
പരിഭ്രമിക്കാതെ പുഴയിലേക്ക് ചാടിയ അമൽ ഷാൻ ആദ്യം ഷെബിനെ കരയിലേക്ക് എത്തിച്ചു. പിന്നാലെ വല്യുപ്പയെയും സുരക്ഷിതമായി കരയിലെത്തിച്ചു. കരയിലെത്തിച്ച ശേഷം ഷെബിന് പ്രഥമശുശ്രൂഷയും നൽകി. അഞ്ചാം ക്ലാസിൽ പഠിച്ച പ്രഥമശുശ്രൂഷാ അറിവുകളാണ് തനിക്ക് സഹായമായതെന്ന് അമൽ ഷാൻ പറഞ്ഞു. പമ്പ് ഹൗസ് പ്രവർത്തിക്കുന്ന ഭാഗത്ത് രണ്ടാൾ താഴ്ചയുള്ള വെള്ളമായിരുന്നു ഉണ്ടായിരുന്നത്. അപകടസമയത്ത് കാണിച്ച ധൈര്യവും സമയോചിതമായ ഇടപെടലും അമൽ ഷാനെ അഭിനന്ദനാർഹനാക്കി.






