കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് മൂന്നിന്. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കൊച്ചി സി.ബി.ഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. 18 പ്രതികളെ കോടതി വെറുതെവിട്ടു. കേസിലെ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പി. ജയരാജൻ, ടി.വി. രാജേഷ്, ശ്യാംജിത്ത് എന്നിവർ വെറുതെവിട്ടവരിൽ ഉൾപ്പെടുന്നു.
കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികളിൽ ഏഴ് പേർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. ഇവർക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. സമൂഹത്തിന് മാതൃകയാകുന്ന തരത്തിൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞ പ്രതികൾക്ക് ഏഴ് വർഷം തടവുശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമായ ഗണത്തിൽപ്പെടുത്താനാകില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വധശിക്ഷ ഒഴിവാക്കി കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
കേസിൽ നിയമപോരാട്ടം തുടരുമെന്ന് അരിയിൽ ഷുക്കൂറിന്റെ കുടുംബം പ്രതികരിച്ചു.


