സൗദി അറേബ്യ: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ റദ്ദാക്കിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ജിദ്ദ, മദീന, റിയാദ്, ദമാം എന്നീ നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് നവംബർ 30 വരെ നിർത്തിവെച്ചത്.
നേരത്തെ ജിദ്ദ, മദീന സർവീസുകൾ നവംബർ 21 വരെയും റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെയുമായിരുന്നു റദ്ദാക്കിയിരുന്നത്. എന്നാൽ മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം നാല് നഗരങ്ങളിലേക്കുമുള്ള സർവീസുകൾ ഈ മാസം അവസാനം വരെ റദ്ദാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി. മേഖലയിലെ സാഹചര്യങ്ങൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിമാനങ്ങൾ റദ്ദാക്കിയ വിവരം ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നൽകിയ ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ വഴി യാത്രക്കാരെ അറിയിക്കുന്നുണ്ട്.


