കൊച്ചി: എറണാകുളം കരിമുകളിൽ നിന്ന് കാണാതായ 13കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കരിമുകൾ സ്വദേശിയായ അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലെയാണ് കാണാതായത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് സംശയം. കരിമുകൾ ജംഗ്ഷൻ വരെ കുട്ടി എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ അതിന് ശേഷം കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
അമ്പലമേട് പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. സമീപ പ്രദേശങ്ങളിൽ വ്യാപകമായി തെരച്ചിൽ നടത്തിയിട്ടും ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല. കുട്ടി കാണാതായ ദിവസം പച്ച നിറത്തിലുള്ള ടി-ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്. കൂടാതെ വസ്ത്രങ്ങളടങ്ങിയ ഒരു ബാഗും കൈവശമുണ്ടായിരുന്നു.
കുട്ടിയുടെ മാതാവ് ഫോൺ എടുത്തുവെച്ചതിനെ തുടർന്ന് രാത്രി വീടിന്റെ വാതിലും ഗേറ്റും തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആണ് സംഭവം അറിഞ്ഞത്. കുട്ടിയെക്കുറിച്ച് ഏതെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.






