കൊല്ലം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 15 വയസ്സുകാരിയുടെ ശരീരത്തിലേക്ക് മേൽക്കൂരയിൽനിന്ന് വീണ പാമ്പ് കടിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ രേവതിക്കാണ് കടിയേറ്റത്.
ബുധനാഴ്ച പുലർച്ചെ ഏകദേശം 2.30-ഓടെയായിരുന്നു സംഭവം. ഷീറ്റ് മേൽക്കൂരയുള്ള വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രേവതിയുടെ ശരീരത്തിലേക്ക് മേൽക്കൂരയിലൂടെ പാമ്പും എലിയും വീണതോടെയാണ് അപകടം ഉണ്ടായത്. എലിശല്യം കാരണം വീട്ടിൽ രാത്രി ലൈറ്റ് കത്തിച്ചാണ് കുടുംബം ഉറങ്ങാറുള്ളത്.
കടിയേറ്റതോടെ ഞെട്ടിയുണർന്ന പെൺകുട്ടി പാമ്പിനെ കണ്ട് നിലവിളിച്ചു. കാലിൽ മുറിവ് കണ്ടിരുന്നെങ്കിലും ആദ്യം എലി കടിച്ചതാകാമെന്നായിരുന്നു വീട്ടുകാരുടെ സംശയം. പിന്നീട് തലചുറ്റലും കാൽവേദനയും ശക്തമായതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പുനലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കടിച്ചത് പാമ്പാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവശേഷം നാട്ടുകാരും വീട്ടുകാരും പാമ്പിനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വനപാലകസംഘത്തെ വിവരം അറിയിച്ചിരുന്നെങ്കിലും പാമ്പിനെ പിടികൂടാനായില്ല.






