കോഴിക്കോട്: ബന്ധുക്കളായ 16കാരിയെയും 20കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 20കാരനായ അദിനാൻ ബന്ധുവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അദിനാന്റെ മരണം ആത്മഹത്യയോ മറ്റേതെങ്കിലും സാഹചര്യത്തിലുണ്ടായതോ എന്നത് വ്യക്തമല്ല.
സംഭവം നടന്നത് കഴിഞ്ഞ രാത്രിയിലാണ്. മുൻപ് സ്വഭാവ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയിരുന്ന അദിനാൻ കള്ളത്താക്കോൽ ഉപയോഗിച്ച് വീട്ടിൽ കയറിയതായാണ് സംശയം. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം മറ്റൊരു മുറിയിലുണ്ടായിരുന്ന മുത്തശ്ശിയെയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
സംഭവസമയത്ത് ഉണ്ടായ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് അദിനാനെ നിയന്ത്രണ വിധേയമാക്കി മറ്റൊരു മുറിയിൽ പൂട്ടിയതായി പറയുന്നു. തുടർന്ന് പരിക്കേറ്റ പെൺകുട്ടിയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് തിരിച്ചെത്തിയപ്പോൾ അദിനാനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുഖത്തും വായിലും സെല്ലോ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു.
വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വീട്ടില്‍ നിന്നും അദിനാന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയത് ഈ പെണ്‍കുട്ടിയായിരുന്നു എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. വീട്ടിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയതും അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.






