കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ശക്തികുളങ്ങര എസ്എച്ച്ഒ പ്രസാദ് എംആറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം എസിപി രാജേഷ് മേൽനോട്ടം വഹിക്കും. കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. നാല് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.



