കാസർഗോഡ്: കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം എത്തിയ യുവാവ് തിരമാലയിൽപ്പെട്ട് കടലിൽ കാണാതായി. മഞ്ചേശ്വരം ചൗക്കി സ്വദേശികളായ ഉമറുൽ ഫാറൂഖിന്റെയും റസീനയുടെയും മകൻ മുഹമ്മദ് സൈനുൽ ആബിദ് (18) ആണ് ബുധനാഴ്ച വൈകുന്നേരത്തോടെ കാണാതായത്.
കടൽത്തീരത്ത് കളിക്കുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ തിരമാലയിൽപ്പെട്ട് സൈനുൽ ആബിദ് കടലിലേക്ക് ഒഴുകിപ്പോയെന്നാണ് വിവരം. സംഭവത്തെത്തുടർന്ന് നാട്ടുകാരും മഞ്ചേശ്വരം പോലീസും തീരദേശ സുരക്ഷാ സേനയും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രതിദിനം നൂറുകണക്കിന് ആളുകൾ എത്തുന്ന കുണ്ടുകുളുക്കെ ബീച്ചിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന പരാതിയും നാട്ടുകാർ ഉയർത്തുന്നു. മുമ്പും ഈ പ്രദേശത്ത് സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




