ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗലക്ഷണങ്ങളോടെ ഏഴ് കുട്ടികൾ കൂടി മരിച്ചതോടെ നിലവിലെ രോഗവ്യാപനത്തിൽ ആകെ മരണസംഖ്യ 1,196 ആയി ഉയർന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിനെ ഉദ്ധരിച്ച് ധാക്ക ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, പുതിയ മരണങ്ങൾ അഞ്ചാംപനി സംശയിക്കുന്നവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രോഗം സംശയിച്ചുള്ള മരണങ്ങൾ 1,092 ആയി. അഞ്ചാംപനി സ്ഥിരീകരിച്ച ശേഷം മരിച്ചവരുടെ എണ്ണം 104 ആണ്.
പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ആശങ്ക
ഏപ്രിൽ മുതൽ യുനിസെഫ് വഴി വാക്സിൻ സംഭരണം പുനരാരംഭിക്കുകയും അടിയന്തര വാക്സിനേഷൻ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും രോഗവ്യാപനം ഉടൻ നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് നിയന്ത്രണ നടപടികളുടെ ഫലം പ്രകടമാകാൻ സമയമെടുക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ മുൻ രോഗനിയന്ത്രണ ഡയറക്ടർ ബെനസീർ അഹമ്മദ് വ്യക്തമാക്കി.
കുട്ടികൾക്ക് വാക്സിൻ നൽകിയാലും ആവശ്യമായ പ്രതിരോധശേഷി കൈവരിക്കാൻ മൂന്നുമുതൽ നാലാഴ്ച വരെ വേണ്ടിവരും. അതിനാൽ രോഗവ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണനിരക്കും കുറഞ്ഞത് ഒരു മാസമെങ്കിലും ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്ധൻ മുഷ്താഖ് ഹുസൈൻ ചൂണ്ടിക്കാട്ടി.
വാക്സിനേഷൻ കവറേജിലുണ്ടായ കുറവും രോഗികളെ സമയബന്ധിതമായി കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലെയും ആശുപത്രി പരിചരണത്തിലെയും വീഴ്ചകളുമാണ് രോഗം വ്യാപകമാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
ബംഗ്ലാദേശിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രതിസന്ധികളിലൊന്നാണ് 2026-ലെ അഞ്ചാംപനി വ്യാപനമെന്ന് ഗ്ലോബൽ സെന്റർ ഫോർ ഡെമോക്രാറ്റിക് ഗവേണൻസ് റിപ്പോർട്ടിൽ പറയുന്നു.




