പാലക്കാട്: ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ റെയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്ന് സ്ഥലങ്ങളിലാണ് ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയത്. രാവിലെ 10.30നും 11.30നും ഇടയിലായിരുന്നു സംഭവം. കോൺക്രീറ്റ് സ്ലാബ്, റെയിലിന്റെ കഷ്ണം, ചാക്കിൽ കട്ടപിടിച്ച സിമന്റ് എന്നിവയാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശി ഷുക് ലാൽ മറിയയെയാണ് ആർ.പി.എഫ്. കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. യുവാവിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇയാൾ തന്നെയാണോ വസ്തുക്കൾ ട്രാക്കിൽ വെച്ചതെന്നും സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് നിലവിൽ വ്യക്തമായിട്ടില്ല. പകൽസമയത്ത് ഇത്തരമൊരു അട്ടിമറി ശ്രമം നടത്താനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.




