Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രണ്ടുവയസുകാരന്റെ മരണം പട്ടിണി മൂലമെന്ന് ആരോപണം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ വയറ്റിൽ ഭക്ഷണമൊന്നും കണ്ടെത്തിയില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു അമ്മയെന്ന നിലയിൽ സഹിക്കാനാകാത്ത സംഭവമാണിതെന്നും കുട്ടികളുടെ സംരക്ഷണം വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അമ്മയ്ക്ക് ആവശ്യമായ കൗൺസിലിംഗും മറ്റ് സഹായങ്ങളും നൽകുമെന്നും അവർ അറിയിച്ചു.

അതേസമയം, കുട്ടിയുടെ മരണത്തിൽ മാതാപിതാക്കളായ രാജേഷിനും താരയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാരും പൊതുപ്രവർത്തകരും ഉന്നയിക്കുന്നത്. ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ട് പേർ പട്ടിണി കിടന്നാണ് മരിച്ചതെന്ന് നാട്ടുകാർ മന്ത്രിയോട് പറഞ്ഞു. കുട്ടികൾക്ക് മതിയായ ഭക്ഷണം നൽകിയിരുന്നില്ലെന്നും വിശന്നിരിക്കുന്ന കുട്ടികൾക്ക് അയൽവാസികളാണ് പലപ്പോഴും ഭക്ഷണം നൽകിയിരുന്നതെന്നും ആരോപണമുണ്ട്.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കുമായി അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന പോഷകാഹാരം കുടുംബത്തിന് ലഭിച്ചിരുന്നെങ്കിലും അത് കുട്ടികൾക്ക് നൽകാതെ മാതാപിതാക്കൾ തന്നെ കഴിച്ചിരുന്നതായും പൊതുപ്രവർത്തകർ ആരോപിച്ചു.

കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള കുട്ടികൾ പൊടിയും അഴുക്കും നിറഞ്ഞ വൃത്തിഹീനമായ സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നതെന്നും നാട്ടുകാർ പറയുന്നു. വീട്ടിൽ വാതിൽ പോലുമില്ലാത്ത അവസ്ഥയാണെന്നും കിടക്ക ഉൾപ്പെടെയുള്ളവ വൃത്തിഹീനമായിരുന്നുവെന്നും ആരോപണമുണ്ട്. ലൈഫ് പദ്ധതിയിലൂടെ കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ ശ്രമിച്ചെങ്കിലും സ്വത്തുതർക്കങ്ങൾ തടസ്സമായെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ അച്ഛന്റെ അമ്മയും മക്കളും തമ്മിലുള്ള കേസും മൂത്ത സഹോദരന്റെ ഭാര്യയുമായി ബന്ധപ്പെട്ട കേസുകളുമാണ് തടസ്സമായതെന്നാണ് വിശദീകരണം.

കുട്ടികളുടെ ദുരവസ്ഥ കണക്കിലെടുത്ത് പൊതുപ്രവർത്തകർ ഇടപെട്ട് ഇവരെ ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അവിടെയെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അമ്മ കുട്ടികളെ തിരികെ കൊണ്ടുവന്നതായും നാട്ടുകാർ മന്ത്രിയോട് പറഞ്ഞു.

ഒക്ടോബർ ആറിന് ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ, ആശാ പ്രവർത്തകർ, ഡോക്ടർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറാൻ ശ്രമിച്ചിരുന്നു. എന്നാൽ, അന്ന് പൂർണഗർഭിണിയായിരുന്ന അമ്മ സ്വന്തം വയറ്റിലടിച്ച് കുഞ്ഞിനെ കൊല്ലുമെന്നും താനും ജീവനൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെ ഉദ്യോഗസ്ഥർക്ക് പിൻവാങ്ങേണ്ടിവന്നതായി വാർഡ് അംഗം പറഞ്ഞു.

കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രസവം നിർത്തണമെന്ന് പൊതുപ്രവർത്തകർ താരയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അവർ അതിന് തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. യുവതിയുടെ സമ്മതമില്ലാതെ പ്രസവം നിർത്താൻ കഴിയില്ലെന്ന് ഡോക്ടർ അറിയിച്ചതോടെ മടങ്ങേണ്ടിവന്നതായും അവർ വ്യക്തമാക്കി.

കുട്ടികളെ കുളിപ്പിക്കാനോ കൃത്യമായി ഭക്ഷണം നൽകാനോ സ്കൂളിൽ അയയ്ക്കാനോ അമ്മ തയ്യാറായിരുന്നില്ലെന്നാണ് നാട്ടുകാരുടെ മറ്റൊരു ആരോപണം. ഒമ്പത് വയസുകാരനായ മൂത്ത കുട്ടിയെക്കൊണ്ടാണ് ഇളയ കുട്ടികളുടെ കാര്യങ്ങൾ ചെയ്യിച്ചിരുന്നതെന്നും പൊതുപ്രവർത്തകർ പറയുന്നു. കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിനായി പൊതുപ്രവർത്തകരും ആശാ പ്രവർത്തകരും അങ്കണവാടി അധ്യാപകരും ഇടപെട്ടെങ്കിലും മാതാപിതാക്കൾ എതിർത്തതായും ആരോപണമുണ്ട്.

താരയുടെ സമ്മതമില്ലാതെ തന്നെ പ്രസവം നിർത്തണമെന്നും കുട്ടികളെ ഒരു കാരണവശാലും മാതാപിതാക്കൾക്ക് തിരികെ നൽകരുതെന്നുമാണ് നാട്ടുകാർ മന്ത്രിയോട് ആവശ്യപ്പെട്ടത്.

ശനിയാഴ്ച രാവിലെയാണ് രാജേഷ്–താര ദമ്പതികളുടെ രണ്ട് വയസുകാരനായ മകൻ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഇതേ കുടുംബത്തിലെ മറ്റൊരു ആൺകുട്ടിയും മുമ്പ് സമാന സാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ നാല് പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തിട്ടുണ്ട്. അമ്മയെയും ഏഴാമത്തെ ആൺകുട്ടിയെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix