പാരിസ്: ഫ്രാൻസില്‍ ആഭ്യന്തര കലാപവും അക്രമസംഭവങ്ങളും രൂക്ഷമായി നിൽക്കുന്നതിനിടെ യുവേഫ ചാംപ്യൻസ് ലിഗീൽ പിഎസ്ജി- ബാഴ്സലോണ ക്ലാസിക്ക് പോരാട്ടം അരങ്ങേറുമോ എന്ന ആശങ്കയിൽ ഫുട്ബോൾ ആരാധകർ. എന്നാൽ മത്സരം മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച പാരീസിലാണ് പിഎസ്ജി- ബാഴ്സലോണ ബ്ലോക്ക്ബസ്റ്റർ.
രാജ്യവ്യാപകമായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളിൽ പല പ്രമുഖ നഗരങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് തുറന്നു പറഞ്ഞ പശ്ചാത്തലത്തിലാണ് മത്സരത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നത്. എന്നാൽ മത്സരം നടത്തുന്നതിൽ മാറ്റമില്ലെന്ന നിലപാടിലാണ് ഫ്രഞ്ച് സർക്കാർ.
അര ലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ ശനിയാഴ്ച രാജ്യവ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഭൂരിഭാഗം പ്രതിഷേധങ്ങളും സമാധാനപരമായിരുന്നുവെങ്കിലും, ചില സംഘങ്ങൾ പാരിസ്, ലിയോൺ, മാഴ്സെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വ്യാപകമായി തീവെപ്പും കൊള്ളയും നടത്തി.




