Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സമരങ്ങൾക്ക് ഇടവേള ആവശ്യമാണോ? രാഹുലിന്റെ യാത്ര BJPക്ക് ഇട്ടുകൊടുത്ത വടി; അവധിയുടെ ആലസ്യം പ്രതിഷേധങ്ങളുടെ വീര്യം കുറയ്ക്കരുത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിയടക്കം ആവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ സമരം ശക്തമാകുന്നതിനിടെ രാജ്യം വിട്ട് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നവരാത്രി ആഘോഷമായതിനാല്‍ സമരങ്ങള്‍ക്ക് തല്‍ക്കാലം ശക്തികുറയ്ക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചതിന് പിന്നാലെയായിരുന്നു രാഹുൽ വിദേശത്തേക്ക് പറന്നത്. ഞായറാഴ്ച ഗോവയിലെ മഡ്ഗാവില്‍ ബിജെപിക്കെതിരെ പദയാത്രയിലും റാലിയിലും പങ്കെടുത്തതിന് പിന്നാലെയാണ് വിയറ്റ്‌നാമിലേക്കുള്ള യാത്ര.

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും ആകെ പ്രതിച്ഛായ തകർന്നിരിക്കുകയായിരുന്ന ബിജെപിയെ സംബന്ധിച്ച് ഇത് വീണു കിട്ടിയ വടിയാണ്. അവസരം നല്ല രീതിയിൽ തന്നെ അവർ ഉപയോ​ഗിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം സമരങ്ങളോട് പോലും ആത്മാര്‍ത്ഥത ഇല്ലാത്ത ആളാണ് രാഹുല്‍ എന്നാണ് പരിഹാസം. രാഹുല്‍ ഗാന്ധിക്ക് ആത്മാര്‍ത്ഥത ഇല്ലെന്നും പാര്‍ടൈം രാഷ്ട്രീയക്കാരന്‍ മാത്രമാണെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വിമര്‍ശിക്കുന്നു. ജോലി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം രാഹുല്‍ഗാന്ധി അവധി ആഘോഷങ്ങളിലാണ്. വിദേശത്ത് വിശ്രമിച്ച ശേഷം വോട്ട് ചോരി ആരോപണം ഉന്നയിച്ചിട്ട് എന്ത് കാര്യമെന്നും ബിജെപി പരിഹസിച്ചു. രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. രാഹുല്‍ വിദേശത്ത് എന്ത് ചെയ്യുകയാണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

‘നുണകൾ പ്രചരിപ്പിച്ച് മടുത്തു… കുറച്ചു ദിവസം വിയറ്റ്നാമിൽ കറങ്ങി വരാം, ആരറിയാനാണ്!’ എന്ന കുറിപ്പോടെ, രാഹുൽ വിമാനത്തിൽ യാത്ര ചെയ്യുന്ന വീഡിയോ ബിജെപി ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെച്ചതോടെയാണ് സം​ഗതി ചർച്ചയാകുന്നത്. ബ്ലൂ ടി-ഷർട്ടും എയർപോഡ്സും ധരിച്ച ഒരാൾ വിമാനത്തിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം.

എന്നാൽ ബിജെപി പുറത്തുവിട്ട വീഡിയോയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയതെന്ന് കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സന്ദർശനത്തിന്റെ കൃത്യമായ വിവരങ്ങളോ സമയക്രമമോ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ യാത്രയെക്കുറിച്ച് വിവിധ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഗോവയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിച്ച ‘ഗോയ് രാഖോൺ യാത്ര’യിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ വിദേശത്തേക്ക് പോയത്.

നവരാത്രി, വിജയദശമി തുടങ്ങിയ വിശേഷാവസരങ്ങളിൽ രാജ്യത്ത് ഉണ്ടാകുന്നതിന് പകരം രാഹുൽ ഗാന്ധി വിദേശത്താണെന്നും ഇത് ഇന്ത്യൻ സംസ്കാരത്തോടും ആഘോഷങ്ങളോടുമുള്ള അദ്ദേഹത്തിന്റെ ഗൗരവമില്ലായ്മയെയാണ് കാണിക്കുന്നതെന്നും പറഞ്ഞത് ബിജെപി നേതാവ് ആർ.പി. സിങ്ങാണ്.

നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ വലിയ റാലി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് മുന്നോടിയായി ഈ മാസം 25ന് റാലികള്‍ക് ആസൂത്രണം നടക്കുന്നുമുണ്ട്. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്ന ദൃശ്യം പുറത്ത് വന്നത്. ഒരു സഹയാത്രികനാണ് രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്താകമാനം പ്രതിപക്ഷം പോരാട്ടത്തിലാണെന്ന് അവകാശപ്പെടുന്ന ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് സുഖിക്കാന്‍ പോകുന്നതെന്നാണ് പ്രധാന വിമർശനം. രാഹുല്‍ തനിക്ക് ഏറ്റവും നന്നായി ചെയ്യാന്‍ അറിയുന്ന ജോലിയിലേക്ക് തിരിച്ചെത്തിയെന്ന തരത്തിൽ രാഷ്ട്രീയ എതിരാളികൾക്ക് മുന്നിൽ ഇത്രയും സുപ്രധാനമായൊരു സന്ദർഭത്തിൽ വടിയിട്ട് കൊടുക്കേണ്ടിയിരുന്നോ എന്ന് രാഹുൽ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.

സമരങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ ഫണ്ടിങ് ആണെന്നും ഇത് രാജ്യത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ച് തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. രാഹുലിന്റെ ഈ യാത്ര ഇത്തരം വാദങ്ങളെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. പ്രത്യേകിച്ച് ഫ്രാൻസിലും അൽബേനിയയിലും ഇറ്റലിയിലുമെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സൂക്ഷമതയോടെ വീക്ഷിക്കുന്ന ജനങ്ങളെ വിദ​ഗ്ധമായി തെറ്റിദ്ധരിപ്പിക്കാനും സമരങ്ങളുടെ വീര്യം കുറയ്ക്കാനും ബിജെപി ഈ സാഹചര്യങ്ങൾ കൃത്യമായി ഉപയോ​ഗിക്കുമെന്നുറപ്പ്.

ഇതാദ്യമായല്ല സമരങ്ങൾക്കിടയിൽ രാഹുൽ വിദേശത്തേക്ക് പോകുന്നത്. മിക്കപ്പോഴും പോകുന്നത് എങ്ങോട്ടെന്നോ എന്തിനെന്നോ വ്യക്തമാക്കാറില്ല. വ്യക്തിസ്വാതന്ത്ര്യം എന്നത് ഒരു യാഥാർത്ഥ്യമാണെന്ന് പറയുമ്പോഴും ഇന്ത്യൻ രാഷ്ട്രീയം കാര്യങ്ങളെ നോക്കിക്കാണുന്നത് മറ്റൊരു രീതിയിലാണെന്ന സത്യവും അം​ഗീകരിക്കേണ്ടതായുണ്ട്. നമ്മുടെ രാജ്യത്ത് രാഷ്ട്രീയക്കാർ സധാസമയവും പബ്ലിക് ഓഡിറ്റിന് വിധേയരാണ്. തങ്ങളുടെ നേതാക്കളുടെ ഓരോ നീക്കവും സുതാര്യമായിരിക്കണം എന്ന് വിശ്വസിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് രാഹുലിന്റെ ഇത്തരത്തിലുള്ള വെക്കേഷൻ യാത്രകൾ ഒരു കല്ലുകടിയായി തോന്നാം.

ആഘോഷവേളകളിൽ സിജെപി പ്രവർത്തകും വോളന്റിയർമാരും കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കണമെന്ന് അഭ്യർഥിച്ച് സിജെപി സ്ഥാപകൻ അഭീജിത് ദീപ്‌കെയും രം​ഗത്ത് വന്നിരുന്നു. സമരത്തിന് താത്കാലിക ഇടവേള നൽകുകയാണെന്ന സൂചന നൽകിക്കൊണ്ടുള്ള വീഡിയോ സന്ദേശം എക്‌സിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതും വലിയ രീതിയിൽ പരിഹാസങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്രയും കരുത്തുറ്റ സമരത്തിന്റെ ഒഴുക്കിനെ തന്നെ ബാധിച്ചേക്കാവുന്ന തരത്തിൽ ഇടവേളകൾ വരുന്നത് കാര്യങ്ങൾ വിശകലനം ചെയ്യാൻ കേന്ദ്ര സർക്കാരിന് കൂടുതൽ സമയം നൽകും എന്ന ആക്ഷേപം ഇതിനോടകം ശക്തമായിട്ടുണ്ട്. ഫെസ്റ്റിവൽ സീസണിൽ സമരം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ആദ്യം പറഞ്ഞിരുന്ന ബിജെപി നേതാക്കൾ പക്ഷേ ഇടവേളയെ പരിഹസിച്ച് രം​ഗത്ത് വരുന്നത് ഇരട്ടത്താപ്പായി തന്നെ കാണാം.

അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരങ്ങളിൽ നിന്ന് സിപിഎം പിന്മാറിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി വ്യക്തമാക്കിയിട്ടുണ്ട്. വരുന്നതെല്ലാം കള്ളപ്രചാരണങ്ങളാണെന്നും കൂടുതൽ കരുത്തോടെ വരും ദിവസങ്ങളിൽ തിരിച്ചുവരുമെന്നുമാണ് സിജെപി അറിയിക്കുന്നത്. ഡല്‍ഹിയില്‍ അടുത്ത ഞായറാഴ്ചയോടെ പ്രതിഷേധം വീണ്ടും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇന്‍ഡ്യ സഖ്യം. ദസറക്ക് ഇടവേള നല്‍കിയുള്ള പ്രതിഷേധം 25 ഓടെ വീണ്ടും സജീവമാക്കാനാണ് നീക്കം. അടുത്ത ശനിയാഴ്ചയോടെ ഡല്‍ഹിയിലെത്താനുള്ള നിര്‍ദ്ദേശം എംപിമാര്‍ക്ക് നല്‍കും. ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലേക്ക് നടത്തിയ റാലിയുടെ മോഡലില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പ് വരുത്തിയാകും പ്രതിഷേധം. എംപിമാര്‍ക്ക് പുറമെ സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കളെയും പ്രവര്‍ത്തകരെയും ഡല്‍ഹിയിലെത്തിക്കും.

നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മഹാറാലിക്ക് മുന്നോടിയായി പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് നീക്കം. 27 ന് ഡല്‍ഹിയില്‍ സിപിഐ മനുഷ്യ ചങ്ങലയും തീര്‍ക്കും. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളും യുവജന സംഘടനാ നേതാക്കളും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ കണ്ട് അനുഭവം വിശദീകരിച്ചിരുന്നു. പൊലീസ് അതിക്രമം വരുന്ന പാര്‍ലമെന്റ് സമ്മേളനത്തിലടക്കം രാഹുല്‍ ഉന്നയിച്ചേക്കും. വോട്ട് മോഷണം, ഭരണഘടന സ്ഥാപനങ്ങളുടെ മോഷണത്തില്‍ വരെ എത്തിയെന്നും, ഗ്യാനേഷ് കുമാറിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികതയില്ലെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ പോഡ് കാസ്റ്റില്‍ പറഞ്ഞിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix