തൃശൂർ: 2021ലെ ഗുരുവായൂർ തെരഞ്ഞെടുപ്പിനിടെ മുസ്ലിം ലീഗും ബിജെപിയും തമ്മിൽ രഹസ്യ ധാരണ നടന്നുവെന്ന ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ് പി. യതീന്ദ്ര ദാസ് രംഗത്ത്. നിലവിലെ ലീഗ് സ്ഥാനാർഥി സി.എച്ച്. റഷീദ് തന്നെയാണ് ഈ ധാരണയ്ക്ക് മുൻകൈ എടുത്തതെന്നും, ബിജെപി നേതാവ് നിവേദിതയുടെ നാമനിർദേശപത്രിക തള്ളിയത് യുഡിഎഫും ലീഗും ബിജെപിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂർ ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ഗുരുവായൂർ നിയോജകമണ്ഡലം വർക്കിങ് കമ്മിറ്റി ചെയർമാനുമായിരുന്ന യതീന്ദ്ര ദാസ്, പ്രവർത്തകർക്ക് വിതരണം ചെയ്യുന്നതിനെന്ന പേരിൽ മുസ്ലിം ലീഗിൽ നിന്ന് സി.എച്ച്. റഷീദ് പണം കൈപ്പറ്റിയിരുന്നുവെന്നും ആരോപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഏകദേശം 40 ലക്ഷം രൂപ വാങ്ങി റഷീദും ആർ.എ. അബൂബക്കർ സംഘവും വിതരണം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
അതേസമയം, ചാവക്കാട് നഗരസഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ ബിജെപിയുമായി ധാരണയിലെത്തിയാണ് ഭരണനം നടത്തിയതെന്നും, അതിന് വേണ്ടി റഷീദും താനും ചേർന്നാണ് പ്രവർത്തിച്ചതെന്നും യതീന്ദ്ര ദാസ് കൂട്ടിച്ചേർത്തു.






